ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഘർഷം ഗൾഫ് രാജ്യങ്ങളിൽ പ്രതിസന്ധിയിലാകും. സംഘര്‍ഷത്തെ കുറിച്ച് പ്രതിരോധ വിദഗ്ധനായ മേജർ ജനറൽ എം വിനയചന്ദ്രൻ സംസാരിക്കുന്നു.
ഇറാൻ - ഇസ്രായേൽ സംഘർഷം വൻ യുദ്ധത്തിലേക്ക് വഴി മാറിയാൽ ഗൾഫ് മേഖലയ്ക്ക് എന്താണ് സംഭവിക്കുക? അമേരിക്ക കൂടി യുദ്ധക്കളത്തിലിറങ്ങുമ്പോൾ ഇറാൻ എങ്ങനെ പ്രതിരോധിക്കും? നിലവിലെ ആയുധ ബലവും കരുത്തും വെച്ച് നോക്കിയാൽ യുദ്ധ വിജയം ആർക്കായിരിക്കും? പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കിയ സംഘർഷത്തിന്‍റെ ഉള്ളുകള്ളികൾ പരിശോധിക്കുന്നു, പ്രതിരോധ വിദഗ്ധനായ മേജർ ജനറൽ എം വിനയചന്ദ്രൻ സംസാരിക്കുന്നു.
ഇസ്രയേല്‍ ഇറാന്‍ പ്രശ്നത്തിന് ചരിത്രപരമായ പിന്തുടര്‍ച്ചയുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം സംസാരം ആലംഭിച്ചത്. ഈ സംഘര്‍ഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന് പിന്നാലെ ഓട്ടോമന്‍ ഭരണത്തെ രണ്ടായി വിഭജിച്ച് ഫ്രാന്‍സും ഇംഗ്ലണ്ടും പ്രദേശം കൈവശപ്പെടുത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് പിന്നാലെ ലോകമെമ്പാടുനിന്നുമുള്ള ജൂതന്മാര്‍ ഇംഗ്ലണ്ടിന്‍റെ കൈവശമുണ്ടായിരുന്ന, ഇന്നത്തെ ഇസ്രയേൽ പ്രദേശത്തേക്ക് എത്തിച്ചേരുന്നു. പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം ഇസ്രയേലിനും മറുഭാഗം പലസ്തീന്‍ അറബികൾക്കുമായി ലോക രാജ്യങ്ങൾ വിഭജിച്ച് നല്‍കി. ഇങ്ങനെ ലഭിച്ച സ്ഥലത്ത് 1948 -ല്‍ ഇസ്രയേല്‍ സ്വയം ഒരു രാജ്യമായി പ്രഖ്യാപിക്കുന്നു. എന്നാല്‍, പലസ്തീൻ അത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയുമില്ല. അതേസമയം സ്വയമൊരു രാഷ്ട്രമായി പ്രഖ്യാപിച്ചെങ്കിലും ലോക രാജ്യങ്ങളില്‍ പലരും ഇസ്രയേലിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെ '48 -ല്‍ അറബ് രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഇസ്രയേലിനെതിരെ യുദ്ധം ആരംഭിച്ചെന്നും അതിലുടെ ഇന്നത്തെ പശ്ചിമേഷ്യന്‍ പ്രശ്നങ്ങളുടെ തുടക്കം ആരംഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈജിപ്ത്, ജോർദാന്‍. സിറിയ, ലെബനന്‍ എന്നിവരായിരുന്നു ഇസ്രയേലിനെതിരെ ആദ്യ യുദ്ധത്തിൽ രംഗത്ത് ഇറങ്ങിയത്. സൗദി അറേബ്യ നേരിട്ട് ഇടപെട്ടില്ലെങ്കിലും യുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഈ സമയം യുദ്ധം അറബ് ദേശീയതയും ഇസ്രയേല്‍ ദേശീയതയും തമ്മിലായിരുന്നുവെന്നും മേജർ ജനറൽ എം വിനയചന്ദ്രൻ നിരീക്ഷിക്കുന്നു. ഇക്കാലത്ത് ഇറാന്‍. ഇസ്രയേലിനെതിരെ ഒരു തരത്തിലും ഇടപെടല്‍ നടത്തിയിരുന്നില്ല.
1979 -ല്‍ ഇറാനില്‍ നടന്ന ഒരു രാഷ്ട്രീയ വിപ്ലവം കാര്യങ്ങൾ കീഴ്മേല്‍ മറിച്ചു. രാജാവായിരുന്ന ഷാ അധികാരഭ്രഷ്ടനായി. മതപുരോഹിതനായ ആയത്തുള്ള ഖൊമൈനി അധികാരം ഏറ്റെടുത്തു. ഒരു റാഡിക്കല്‍ സര്‍ക്കാറായിരുന്നു പിന്നാലെ ഇറാന്‍റെ അധികാരത്തിലെത്തിയത്. സ്വാഭാവികമായും പേർഷ്യന്‍ പാരമ്പര്യത്തില്‍ ഊറ്റം കൊണ്ടിരുന്ന ഇറാന്‍റെ പുതിയ ഭരണകൂടം പശ്ചിമേഷ്യയുടെ അധികാരിയാകാനുള്ള ശ്രമം ആരംഭിച്ചു. ഇതിന് രണ്ട് ശത്രുക്കളായിരുന്നു ഇറാന് മുമ്പിൽ ഉണ്ടായിരുന്നത്. ഒന്ന് ഇസ്രയേല്‍, രണ്ട് സൗദി അറേബ്യ. ഷിയാ - സുന്നി വിഭജനം, ഇറാനും സൗദിക്കുമിടയിലെ വലിയ പ്രശ്നമായിരുന്നു. പശ്ചിമേഷ്യയുടെ സംഘര്‍ഷത്തിന്‍റ നേതൃസ്ഥാനത്തേക്ക് ഇതോടെ ഇറാന്‍ പ്രവേശിക്കുന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു.
'79 -ലെ അധികാരമാറ്റത്തിന് പിന്നാലെ ഇറാന്‍, ഇസ്രയേലിനെ 'സാത്താന്‍' എന്ന് വിശേഷിപ്പിക്കാന്‍ ആരംഭിക്കുന്നു. യുഎസ് എന്ന 'വലിയ സാത്താന്‍' മിഡിൽ ഈസ്റ്റിനെ അസ്ഥിരമാക്കുന്നുവെന്നും ഇറാന്‍ ആരോപിച്ചു. ഇതിനിടെ ഇസ്രയേലിന്‍റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇറാന്‍ സഹായം എത്തിച്ച് തുടങ്ങുന്നു. ഹമാസും ഹുതി ഗ്രൂപ്പുകളും ഉയര്‍ന്നുവരുന്നതും കാണാം. ഏഴുപതുകളുടെ അവസാനത്തോടെയും എണ്‍പതുകളുടെ തുക്കത്തോടെയും ഇസ്രയേലും ഇറാനും പരസ്പര ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. ഇസ്രയേലും യുഎസും ഇറാന്‍റെ ആണവ പദ്ധതികളെ പല തരത്തിലും ഇല്ലാതാക്കാന്‍ ശ്രമിച്ച് കൊണ്ടേയിരുന്നു. അതേസമയം സംഘര്‍ഷം ഇത്രയും രൂക്ഷമായി നില്‍ക്കുമ്പോഴും ഔദ്ധ്യോഗികമായി ഇരുരാജ്യങ്ങളും യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും എം വിനയചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കും എന്ന കാര്യത്തില്‍ ലോകരാജ്യങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ചൈന. പാകിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തില്‍ ഇറാന് പിന്തുണ നല്‍കി. അങ്ങനൊരു ബോംബ് നിർമ്മാണത്തിന് ഇറാന്‍ എപ്പോൾ മുതിർന്നാലും ഇസ്രയേലും സഖ്യകക്ഷിയായ യുഎസും അത് തടയുമെന്ന കാര്യത്തിലും സംശയമില്ല. അതിനാല്‍ തന്നെ യുദ്ധം അവിടെ ഒരു അത്യാവശ്യമായിരുന്നുവെന്നും എം വിനയചന്ദ്രന്‍ പറയുന്നു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു അണുബോംബ് നിർമ്മിക്കുമെന്ന് അവകാശവാദമുന്നയിച്ച നെതന്യാഹു, പാലസ്തീനില്‍ നടത്തുന്ന യുദ്ധത്തെ ഇറാനിലേക്ക് കൂടി നീട്ടുകയാണ് ചെയ്തതത്. മിഡിൽ ഈസ്റ്റിലെ മറ്റ് ഗൾഫ് രാജ്യങ്ങൾ ഈ യുദ്ധത്തിനൊപ്പം നില്‍ക്കാനുള്ള സാധ്യതയില്ലെന്നും എം വിനയചന്ദ്രന്‍ നിരീക്ഷിക്കുന്നു. അതേസമയം യുഎസ് പിന്തണ കൂടി ചേര്‍ന്നാല്‍ ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം പൂര്‍ണ യുദ്ധമായി മാറുമെന്നും ഇത് സൃഷ്ടിക്കുന്ന നഷ്ടം മറ്റ് ഗൾഫ് രാജ്യങ്ങളെ കൂടി ബാധിക്കുമെന്നും എം വിനയചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധം ഇറാനും ഇസ്രയേലിനും ഇടയിലുള്ള രാജ്യങ്ങളില്‍ ആയുധ അവശിഷ്ടങ്ങൾ വീഴാന്‍ കാരണമാക്കും. ഒപ്പം പ്രദേശത്ത് സംഘര്‍ഷം നീണ്ട് നിന്നാല്‍ എണ്ണ ഒഴുക്ക് നിലയ്ക്കും ഇത് ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തെ വലിയ തോതില്‍ ബധിക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പടുത്തുന്നു. 20 ഓളം ഗൾഫ് രാജ്യങ്ങൾ ഇസ്രയേലിനെതിരെ സംയുക്ത പ്രസ്ഥാനയില്‍ ഒപ്പിട്ടെങ്കിലും അതിന് അപ്പുറത്തേക്ക് ഒരു നീക്കം ഗൾഫ് രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗൾഫ് രാജ്യങ്ങള്‍ക്കിടയില്‍ വളരെ തന്ത്രപരമായാണ് യുഎസും യുകെയും ഇടപെടുന്നത്. ഇത്രയും ഗൾഫ് രാഷ്ട്രത്തലവന്മാര്‍ ഒന്നിച്ച് ചേര്‍ന്നുവെന്നത് തന്നെ വലിയ കാര്യം. അതിനുപ്പുറത്തേക്ക് ഒരു നീക്കത്തിന് ഇവരാരും മുതിരില്ല. കാരണം. മിക്ക ഗൾഫ് രാജ്യങ്ങളിലും യുഎസിന് സൈനിക താവളങ്ങളുണ്ട്. അവരുടെ നിരന്തരമായ നിരീക്ഷണവും ഇടപെടലുമുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ഏത് സൈനിക നീക്കവും യുഎസ് തടയിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍റെ ആണവായുധം മേഖലയില്‍ വലിയ അസ്ഥിരതയാണ് സൃഷ്ടിക്കുക. ഇസ്രയേലിന് മാത്രമല്ല. ഇന്ത്യയ്ക്ക് വരെ ഇത് ഭീഷണിയാണ്. പ്രത്യേകിച്ചും പാകിസ്ഥാന്‍ - ഇന്ത്യ സംഘര്‍ഷ കാലത്ത് ആണവായുധ ഭീഷണി പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. ഇതിന് സമാനമായിരിക്കും ഇറാനും ചെയ്യുക. ലോകരാജ്യങ്ങൾ ഇറാനെ ഇതുവരെ ഒരു റെസ്പോണ്‍സബിൾ രാജ്യമായി കാണാന്‍ തയ്യാറായിട്ടില്ല എന്നതാണ് ഇതിലെ പ്രധാന കാര്യം. ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്‍റെ പാരമ്യത്തില്‍ സ്വയം നശിക്കുമെങ്കില്‍ കൂടി ഇറാന്‍ അണുവായുധം ഉപയോഗിക്കുമെന്ന് മറ്റ് രാജ്യങ്ങൾ കരുതുന്നുണ്ടെന്നും ഇറാനെ ആണവ ശക്തിയാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ലോക രാജ്യങ്ങൾ ഒരു തീരുമാനത്തിലെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍റെ രണ്ട് ശതമാനം ഭൂമിക്ക് സമമാണ് ഇസ്രയേലിന്‍റെ ഭൂമി. അത് പോലെ ഇറാന്‍റെ 10 ശതമാനം ജനസംഖ്യ മാത്രമേ ഇസ്രയേലിന് ഒള്ളൂ. ഇത്രയും ചെറിയ രാജ്യമായ ഇസ്രയേല്‍ ഇറാനെ വെല്ലുവിളിക്കുന്നതിന് പിന്നില്‍ യുഎസിന്‍റെ അകമഴിഞ്ഞ പിന്തുണയുള്ളത് കൊണ്ടാണ്. നിലവില്‍ ഇറാന്‍റെ മിസൈലുകളെ ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളില്‍ നിന്നും പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍, ഇത് യുഎസോ ഇസ്രയേലോ അംഗീകരിച്ചിട്ടില്ലെന്ന് മാത്രം. ഇനി യുഎസ് യുദ്ധത്തില്‍ ഇടപെടുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധമായി മാറുകയും ചെയ്താല്‍ ഇറാന് പരാജയം സമ്മതിക്കേണ്ടിവരും. നിലവിലെ അവസ്ഥ ശീതയുദ്ധകാലത്തിന് സമാനമല്ലാത്തതിനാല്‍ യുദ്ധത്തില്‍ റഷ്യ ഇടപെടാനുള്ള സാധ്യത വളരെ കുറവാണെന്നും എം വിനയചന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, യുദ്ധത്തില്‍ എപ്പോഴെങ്കിലും ഇസ്രയേലിന് ഒരു തളര്‍ച്ച സംഭവിക്കുകയാണെങ്കില്‍ ഇടപെടാന്‍ യുഎസ് മടിക്കില്ല. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിലേക്ക് യുഎസ് എന്ന് കയറുന്നുവോ അന്ന് അതൊരു വലിയ യുദ്ധമാറും. അതേസമയം യുഎസ് യുദ്ധമുഖത്തേക്ക് എത്തുകയെന്നത് യുദ്ധത്തിന്‍റെ അവസാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിനെയും യുഎസിനെയും ഒരേസമയം എതിരിടാന്‍ ഇറാന്‍ പ്രാപ്തമല്ലെന്നത് തന്നെ കാരണമെന്നും ഭാവിയില്‍ യുഎസ് / ചൈന ദ്വന്ദ്വമായിരിക്കും ലോകക്രമം തീരുമാനിക്കുകയെന്നും എം വിനയചന്ദ്രന്‍ പറയുന്നു.


