ലോകകപ്പ് ഫൈനലില്‍ റിച്ച നേടിയ ഓരോ റണ്ണിനും ഓരോ ലക്ഷം രൂപവീതംവെച്ച് 34 ലക്ഷം രൂപയുടെ ചെക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി റിച്ചക്ക് സമ്മാനിച്ചു.

കൊല്‍ക്കത്ത: വനിതാ ലോകകപ്പ് ജേതാവായ ബംഗാൾ താരം റിച്ചാ ഘോഷിന് സംസ്ഥാന സർക്കാരിന്‍റെയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെയും ആദരം. ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച റിച്ചയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ ബംഗഭൂഷൺ പുരസ്കാരവും പൊലീസില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി നിയമനവും നല്‍കി. ഇതിനൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി റിച്ചയ്ക്ക് സ്വർണ മാലയും സമ്മാനിച്ചു.

ലോകകപ്പ് ഫൈനലില്‍ റിച്ച നേടിയ ഓരോ റണ്ണിനും ഓരോ ലക്ഷം രൂപവീതംവെച്ച് 34 ലക്ഷം രൂപയുടെ ചെക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി റിച്ചക്ക് സമ്മാനിച്ചു. ലോകകപ്പ് നേടുക എന്നത് എത്രമാത്രം സ്പെഷ്യലാണെന്ന് തനിക്ക് നന്നായി അറിയാമെവന്ന് 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകന്‍ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു. 22കാരിയായ റിച്ചയുടെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ഭാവിയില്‍ ഇന്ത്യൻ ക്യാപ്റ്റൻ റിച്ച ഘോഷ് എന്ന് പറയാനാകാട്ടെയെന്നും ഗാംഗുലി പറഞ്ഞു. അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിക്കാന്‍ പോകുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

Scroll to load tweet…

ലോകകപ്പ് ജേതാവാകുന്ന ആദ്യ ബംഗാൾ താരമാണ് റിച്ച ഘോഷ്. ജുലൻ ഗോസ്വാമിയും ചടങ്ങിൽ പങ്കെടുത്തു. ലോകകപ്പില്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങി റിച്ച അതിവേഗം സ്കോര്‍ ചെയ്യുന്ന റണ്ണുകള്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിലും ഏഴാം നമ്പറിലിറങ്ങിയ റിച്ച 24 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സിന് ഓള്‍ ഔട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക