തിലകിന് പരിക്കേറ്റതോടെ ഇപ്പോള്‍ മധ്യനിരയില്‍ ഒഴിവു വന്നിരിക്കുന്നു. സ്വഭാവികമായും ശ്രേയസിനെയാണ് പരിഗണിക്കേണ്ടത്.

ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ നിന്ന് പരിക്കുമൂലം പിന്‍വാങ്ങിയ തിലക് വര്‍മക്ക് പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. തിലകിന്‍റെ സ്വാഭാവിക പകരക്കാരനായി ടീമിലെത്തേണ്ടത് ശ്രേയസ് അയ്യരാണെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ശ്രേയസ് വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങിയിരുന്നു. ഏഷ്യാ കപ്പിലും അവനെ ടീമിലെടുക്കാതിരുന്നത് നീതികേടാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. 

പക്ഷെ ടീം കോംബിനേഷന്‍ നോക്കുമ്പോള്‍ അത് ഏറെക്കുറെ മനസിലാക്കാവുന്ന തീരുമാനമാണ്. എന്നാല്‍ തിലകിന് പരിക്കേറ്റതോടെ ഇപ്പോള്‍ മധ്യനിരയില്‍ ഒഴിവു വന്നിരിക്കുന്നു. സ്വഭാവികമായും ശ്രേയസിനെയാണ് പരിഗണിക്കേണ്ടത്. മധ്യനിരയില്‍ പരിചയസമ്പന്നനായ കളിക്കാരനാണ് ശ്രേയസ്. അത് മാത്രമല്ല ഐപിഎല്ലില്‍ ശ്രേയസ് മിന്നുന്ന ഫോമിലുമായിരുന്നു. അതുകൊണ്ട് തന്നെ തിലകിന്‍റെ പകരക്കാരനാവാന്‍ ഏറ്റവും അനുയോജ്യന്‍ ശ്രേയസ് ആണെന്നും ആകാശ് ചോപ്ര പറഞ്ഞു.

തിലകിനെ ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമില്‍ നിന്നൊഴിവക്കിയെങ്കിലും പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 21, 23, 25 തീയതികളിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി 20. ജനുവരി 28, 31 തീയതികളില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെയേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ശ്രേയസ് വിജയ് ഹസാരയില്‍ മുംബൈക്കായി കളത്തിലെത്തിയ രണ്ട് മത്സരങ്ങളിലും തിളങ്ങിയിരുന്നു. ഹിമാചല്‍ പ്രദേശിനെതിരെ 82 റണ്‍സും പഞ്ചാബിനെതിരെ 45 റണ്‍സും സ്കോര്‍ ചെയ്തു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര തലത്തിലും തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് താരം.

ഏന്നാല്‍ ശ്രേയസ് തിലകിന്‍റെ പകരക്കാരനായി ടീമിലെത്താനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് സൂചനകള്‍. ദീര്‍ഘകാലമായി ഇന്ത്യയുടെ ടി20 പദ്ധതികളില്‍ ശ്രേയസിന് ഇടമില്ല. 2023 ഡിസംബറില്‍ ഓസ്ട്രേലിയക്ക് എതിരെയാണ്. അവസാനമായി ഇന്ത്യക്കായി ശ്രേയസ് ടി20 മത്സരത്തില്‍ കളിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക