ബെംഗളൂരുവിനായി 11 സീസണുകള്‍ കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിന്റെ ഫൈനലിന് മുന്നോടിയായി വിരാട് കോലിയെ സന്ദർശിച്ച് മുൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം എബി ഡീവില്ലിയേഴ്‌സ്. കലാശപ്പോരില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍ ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്‌സാണ്. കമന്ററി ടീമിന്റെ ഭാഗമായി ഡിവില്ലിയേഴ്‌സ് മൈതാനത്ത് എത്തിയപ്പോഴാണ് കോലിയുമായി സംസാരിച്ച്. അവസാനവട്ട പരിശീലനത്തിലായിരുന്നു കോലി. ഇരുവരും തമ്മില്‍ സംസാരിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു.

ബെംഗളൂരുവിനായി 11 സീസണുകള്‍ കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. ടീമിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള വിദേശതാരവും വലം കയ്യൻ ബാറ്ററാണ്. 157 മത്സരങ്ങളില്‍ നിന്ന് 4522 റണ്‍സാണ് ഡിവില്ലിയേഴ്‌സ് ബെംഗളൂരുവിനായി സ്വന്തമാക്കിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 21 അർദ്ധ സെഞ്ച്വറികളും താരം നേടി. ബെംഗളൂരു അവസാനമായി ഫൈനലിലെത്തിയ 2016ല്‍ കോലിക്കൊപ്പം റണ്‍മല കയറിയതും ഡിവില്ലിയേഴ്‌സ് ആയിരുന്നു. അന്ന് 687 റണ്‍സായിരുന്നു നേട്ടം.

ബെംഗളൂരു ഫൈനലിലെത്തുകയാണെങ്കില്‍ മത്സരം കാണാൻ നേരിട്ട് എത്തുമെന്നും കോലിക്കൊപ്പം കിരീടം ഉയർത്തുന്നത് വലിയൊരു നിമിഷമായിരിക്കുമെന്നും ദക്ഷിണാഫ്രിക്കൻ താരം നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ ടൂർണമെന്റില്‍ രണ്ടാം സ്ഥാനക്കാരായാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് കുതിച്ചത്. ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബിനെ ആധികാരികമായി കീഴടക്കിയായിരുന്നു ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

അതേസമയം, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പഞ്ചാബ് ടൂർണമെന്റ് അവസാനിപ്പിച്ചത്. ക്വാളിഫയര്‍ ഒന്നില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ കീഴടക്കി. 41 പന്തില്‍ 87 റണ്‍സ് നേടിയ നായകൻ ശ്രേയസ് അയ്യരുടെ തോളിലേറിയായിരുന്നു ഒരുപതിറ്റാണ്ടിന് ശേഷമുള്ള ഫൈനല്‍ പ്രവേശനം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ശ്രേയസ് നയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടുന്നത്.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിക്കാൻ ശ്രേയസിന് കഴിഞ്ഞിരുന്നു. ഇത്തവണ കിരീടം നേടാനായാല്‍ ചില അപൂർവ റെക്കോര്‍ഡുകളും താരത്തെ തേടിയെത്തും.