പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ആദ്യ നാല് സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. വേദാന്ത് ത്രിവേദി ഒന്നാമതെത്തി. ഓസ്‌ട്രേലിയന്‍ ടീമിലെ മലയാളി താരം ജോണ്‍ ജെയിംസ് റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തെത്തി.
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയില്‍ റണ്‍വേട്ടയിലും വിക്കറ്റ് നേട്ടക്കാരിലും ആധിപത്യം പുലര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്നാണ് അവാസനിച്ചത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ഇന്ത്യ തൂത്തുവാരുകയും ചെയ്തു. അവസാന മത്സരത്തില്‍ 167 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 28.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഖിലാന്‍ പട്ടേല്‍, മൂന്ന് പേരെ പുറത്താക്കിയ ഉദ്ദവ് മോഹന്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്.
പരമ്പര അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇന്ത്യയുടെ വേദാന്ത് ത്രിവേദിയാണ്. നാലാം നമ്പറില്‍ കളിക്കുന്ന താരം മൂന്ന് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 173 റണ്‍സ്. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന് സ്‌കോര്‍ 86 റണ്‍സ്. 86.50 ശരാശരിയും ത്രിവേദിക്കുണ്ട്. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു. രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച കുണ്ടു 158 റണ്‍സാണ് അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ അക്കൗണ്ടിലുണ്ട്.
ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി മൂന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് താരം നേടിയത് 124 റണ്‍സ്. രണ്ടാം ഏകദിനത്തില്‍ നേടിയ 70 റണ്‍സാണ് സൂര്യവന്‍ഷിയുടെ ഉയര്‍ന്ന സ്‌കോര്‍. 41.33 ശരാശരിയാണ് സൂര്യവന്‍ഷിക്കുള്ളത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം സൂര്യവന്‍ഷിയാണ്. 9 സിക്‌സുകളാണ് സൂര്യവന്‍ഷി നേടിയത്. ഇന്ത്യയുടെ തന്നെ വിഹാന്‍ മല്‍ഹോത്ര നാലാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 119 റണ്‍സാണ് മല്‍ഹോത്ര നേടിയത്. 70 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ ജെയ്ഡന്‍ ഡ്രേപ്പര്‍ അഞ്ചാമത്. രണ്ട് മത്സരം മാത്രം കളിച്ച താരം അടിച്ചെടുത്തത് 111 റണ്‍സ്. 107 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ മലയാളി താരം ജോണ്‍ ജെയിംസ് ആറാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങളില്‍ ജോണ്‍ നേടിയത് 79 റണ്‍സാണ്. പുറത്താവാതെ നേടിയ 77 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍.
വിക്കറ്റ് വേട്ടയില്‍ ഓസീസിന്റെ വില്‍ ബൈറോം, ഇന്ത്യയുടെ കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവരും ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ചൗഹാന്‍ മൂന്ന് മത്സരം കളിച്ചു. ബൈറോം രണ്ട് മത്സരം മാത്രമാണ് കളിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ഖിലന്‍ പട്ടേല്‍ രണ്ടാം സ്ഥാനത്താണ്.



