ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരശേഷം നടത്തിയ പഹല്‍ഗാം പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ ഐസിസി നടപടിക്ക് സാധ്യത. 

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയത്തിനുശേഷം സമ്മാനദാനച്ചടങ്ങില്‍ നടത്തിയ പഹല്‍ഗാം പരാമര്‍ശത്തില്‍ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ ഐസിസി നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഐസിസിക്ക് പരാതി നല്‍കിയിരുന്നു.

പാകിസ്ഥാന്‍റെ പരാതിയില്‍ ഔദ്യോഗിക വാദം ഇന്ന് പൂര്‍ത്തിയായി. സൂര്യകുമാര്‍ യാദവിന് താക്കീതോ മാച്ച് ഫീയുടെ 15 ശതമാനം പിഴയോ വിധിക്കാനാണ് സാധ്യതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യകുമാര്‍ യാദവിനൊപ്പം ബിസിസിഐ സിഒഒ ഹെമാങ് അമീന്‍, ക്രിക്കറ്റ് ഓപ്പേറഷന്‍സ് മാനേജര്‍ സമ്മര്‍ മല്ലാപുരാകര്‍ എന്നിവരാണ് റിച്ചി റിച്ചാര്‍ഡ്സണ്‍ അധ്യക്ഷത വഹിച്ച അച്ചടക്ക സമിതി യോഗത്തില്‍ പങ്കെടുത്തത്. 

ഇന്ത്യയുടെ പരാതിയും പരിഗണിക്കും

അതേസമയം, ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ പാകിസ്ഥാന്‍ താരങ്ങളായ ഹാരിസ് റൗഫും സാഹിബ്സാദ ഫര്‍ഹാനും നടത്തിയ വിവാദ ആംഗ്യങ്ങള്‍ക്കെതിരെ ബിസിസിഐ നല്‍കിയ പരാതിയും ഐസിസി പരിഗണിക്കുന്നുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹാരിസ് റൗഫ് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു. അര്‍ധസെഞ്ചുറി നേടിയശേഷം പാക് ഓപ്പണറായ സാഹിബ്സാദ ഫര്‍ഹാനാകട്ടെ അര്‍ധസെഞ്ചുറി തികച്ചശേഷം ബാറ്റുകൊണ്ട് വെടിയുതിര്‍ത്താണ് ആഘോഷിച്ചത്. ഇതിനെതിരെ ആണ് ഇന്ത്യ പരാതി നല്‍കിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക