ക്രിക്കറ്റ് കളിക്കാനല്ല, വിജയ് കാര്യവട്ടത്തെത്തുന്നത്. തന്‍റെ പുതിയ ചിത്രമായ ദ ഗോട്ടിന്‍റെ ക്ലൈമാക്സ് ചിത്രീകരണത്തിനായാണ്
തിരുവനന്തപുരം: ക്രിക്കറ്റിലെ ഒട്ടേറെ ആവേശപ്പോരാട്ടങ്ങള്‍ക്ക് വേദിയായ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളായ (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം-G.O.A.T) വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം നിറഞ്ഞാടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മറ്റൊരു ഗോട്ടിന്‍റെ വരവിന്‍റെ ആവേശത്തിലാണ്. മറ്റാരുമല്ല, തമിഴകത്തിന്‍റെയും മലയാളികളുടെയും ദളപതി ആയ വിജയ് ആണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലിറങ്ങുന്നത്.
ക്രിക്കറ്റ് കളിക്കാനല്ല, വിജയ് കാര്യവട്ടത്തെത്തുന്നത്. തന്‍റെ പുതിയ ചിത്രമായ ദ ഗോട്ടിന്‍റെ ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്നത്. വിജയിയെ കേരളത്തിലേക്ക് വരവേല്‍ക്കാനായി സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ നിറയെ ഫ്ലെക്സുകളും ഉയര്‍ത്തിയിട്ടുണ്ട്. നാളെയായിരിക്കും ചിത്രത്തിന്‍റെ ക്ലൈമാക്സ് സ്റ്റേഡിയത്തില്‍ ചിത്രീകരിക്കുക എന്നാണ് സൂചന. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറമെ തിരുവനന്തപുരം വിമാനത്താവളത്തിലും ചിത്രീകരണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലൈമാക്സ് രംഗങ്ങള്‍ ശ്രീലങ്കയില്‍ ചിത്രീകരിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ഇത് കേരളത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മാസം മുമ്പ് രജനീകാന്ത് ചിത്രം വേട്ടയ്യയും തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ്. വിജയ്‌യുടെ കരിയറിലെ 68-ാമത് ചിത്രമാണ് ഗോട്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞ വിജയ് 69-ാമത്തെ സിനിമക്കുശേഷം അഭിനയം മതിയാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്ന സാഹചര്യത്തില്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണുള്ളത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പില്‍ എത്തുന്ന വിജയ്‌യെ ഡി ഏജിംഗ് സാങ്കേതിക വിദ്യയിലൂടെ ചെറുപ്പമാക്കിയെന്ന വാര്‍ത്തകളും ആരാധകര്‍ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. സിദ്ധാര്‍ഥയാണ് ഛായാഗ്രാഹണം. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ ദക്ഷിണേന്ത്യയില്‍ വലിയ ഹിറ്റായി മാറിയിരുന്നു. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായ ചിത്രം പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തു. ആഗോളതലത്തില്‍ ലിയോ ആകെ 620 കോടി രൂപയിലധികം കളക്ഷന്‍ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്.
