കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയശേഷം രോഹിത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

മുംബൈ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തോട് മുംബൈ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന് പിന്നാലെ മുന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നു. മുഷ്താഖ് അലി ടി20 ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളില്‍ മുംബൈക്കായി കളിക്കാന്‍ തയാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയശേഷം രോഹിത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി കളിച്ചുവെങ്കിലും പല മത്സരങ്ങളിലും ഇംപാക്ട് പ്ലേയറായാണ് 38കാരനായ രോഹിത് കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനുശേഷം മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ നോക്കൗട്ട് മത്സരങ്ങളില്‍ കളിക്കാന്‍ തയാറാണെന്നാണ് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. ഈ മാസം 12 മുതല്‍ 18വരെയാണ് മുഷ്താഖ് അലി ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടി20 പരമ്പരയില്‍ കളിക്കാനായി പോകുമ്പോള്‍ രോഹിത് ശര്‍മ മുംബൈ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്ന് വിരമിച്ചതോടെ ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ കളിച്ച് മത്സരക്ഷമത തെളിയിക്കണമെന്ന് രോഹിത്തിനോടും വിരാട് കോലിയോടും ഇന്ത്യൻ ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്‍റില്‍ കളിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രോഹിത് ഒരുപടി കൂടി കടന്ന് മുഷ്താഖ് അലി ട്രോഫിയിലും മുംബൈക്കായി കളിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈ 15 റണ്‍സിന്‍റെ നാടകീയ തോല്‍വി വഴങ്ങിയിരുന്നു. 179 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ പതിനേഴാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 148-4 എന്ന ശക്തമായ നിലയിലായിരുന്നു. ആറ് വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 31 റണ്‍സ് മാത്രമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 5 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ മുംബൈ 163 റണ്‍സിന് ഓൾ ഔട്ടായി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങുകയായിരുന്നു. തോറ്റെങ്കിലും 5 കളികളില്‍ നാലി ജയവും 16 പോയന്‍റുമായി മുംബൈ തന്നെയാണ് എലൈറ്റ് ഗ്രൂപ്പ് എയില്‍ മുന്നില്‍. കേരളം മൂന്നാമതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക