49 പന്തില്‍ 79 റണ്‍സെടുക്ക ക്യാപ്റ്റന്‍ സുയാഷ് പ്രഭുദേശായിയുടെയും 49 പന്തില്‍ 64 റണ്‍സെടുത്ത കശ്യപ് ബക്കലെയുടെയും അര്‍ധസെഞ്ചുറികളാണ് ഗോവക്ക് ജയമൊരുക്കിയത്.

കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കൗമാര താരം വൈഭവ് സൂര്യവൻഷി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഗോവക്കെതിരെ അഞ്ച് വിക്കറ്റിനാണ് ബിഹാര്‍ തോല്‍വി വഴങ്ങിയത്. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച അഞ്ച് കളികളില്‍ ബിഹാറിന്‍റെ അഞ്ചാം തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സടിച്ചപ്പോള്‍ ഗോവ ഒരു പന്ത് ബാക്കി നിര്‍ത്തി അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

49 പന്തില്‍ 79 റണ്‍സെടുക്ക ക്യാപ്റ്റന്‍ സുയാഷ് പ്രഭുദേശായിയുടെയും 49 പന്തില്‍ 64 റണ്‍സെടുത്ത കശ്യപ് ബക്കലെയുടെയും അര്‍ധസെഞ്ചുറികളാണ് ഗോവക്ക് ജയമൊരുക്കിയത്. ഗോവക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ലളിത് യാദവ് 12 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബിഹാറിനായി വൈഭവ് സൂര്യവന്‍ഷി 25 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റൻ എസ് എസ് ഗാനി 41 പന്തില്‍ 60 റണ്‍സടിച്ചു. ആകാശ് രാജ് 21 പന്തില്‍ 40 റണ്‍സ് നേടി.

വൈഭവും ഗാനിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.5 ഓവറില്‍ 59 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വൈഭവ് നാലു ഫോറും നാലു സിക്സും പറത്തിയാണ് 25 പന്തില്‍ 46 റണ്‍സടിച്ചത്. രണ്ടാം വിക്കറ്റില്‍ ആകാശ് രാജും ഗാനിയും ചേര്‍ന്ന് 14.3 ഓവറില്‍ 124 റണ്‍സിലെത്തിച്ചെങ്കിലും പിന്നീട് ബിഹാര്‍ തകര്‍ന്നടിഞ്ഞു. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഗോവക്കായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുതത് ബൗളിംഗില്‍ തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക