ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പക്ഷെ അത് 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കുമെന്നായിരുന്നു കരുതിയത്. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് ഇനിയും സമയം നല്‍കാമായിരുന്നു.

ലക്നൗ: രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൈഫ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പക്ഷെ അത് 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കുമെന്നായിരുന്നു കരുതിയത്. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് ഇനിയും സമയം നല്‍കാമായിരുന്നു. ഫിറ്റ്നെസിന്‍റെ കാര്യത്തിലും രോഹിത് ഇപ്പോള്‍ വളരെയേറെ മെച്ചെപ്പെട്ടിട്ടുണ്ട്. ഇത്രയും തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അധിക ഉത്തരവാദിത്തമാണ് ഗില്ലിന്‍റെ തലയില്‍ സെലക്ടര്‍മാര്‍ വെച്ചുകൊടുത്തിരിക്കുന്നത്. ഇത് ഗില്ലിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ടെസ്റ്റ് ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനവുമാണ് ഗില്ലിന് തിടുക്കപ്പെട്ട് നല്‍കിയത് സൂര്യകുമാര്‍ യാദവ് സ്ഥാനമൊഴിയുമ്പോള്‍ ടി20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനവും സ്വാഭാവികമായും ഗില്ലിന്‍റെ ചുമലിലാവും.

എല്ലാം അഗാര്‍ക്കറുടെ കളി

ഒരു കളിക്കാരനും ക്യാപ്റ്റനാവവണമെന്നോ ക്യാപ്റ്റനാക്കണമെന്നോ അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇത് അജിത് അഗാര്‍ക്കര്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതായി മാത്രമെ കരുതാനാവുവെന്നും കൈഫ് പറഞ്ഞു. ടി20 ടീം ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് ഫോം കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുശേഷം ഗില്ലിനെ ടി20 ക്യാപ്റ്റനായും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലായിരിക്കും ഗില്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക