2023ല്‍ ഹൈദരാബാദിന്‍റെ രവി തേജയും ഗുജറാത്തിന്‍റെ അര്‍സാന്‍ നാഗസ്വാലയും 13 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മുഷ്താഖ് അലി ട്രോഫിയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
ഇന്‍ഡോര്‍:മുഷ്താഖ് അലി ട്രോഫി ട20 ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി മധ്യപ്രദേശിന്‍റെ ഇടം കൈയന്‍ പേസര്‍ അര്‍ഷാദ് ഖാന്‍. ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്താണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന 26കാരന്‍ അര്‍ഷാദ് റെക്കോര്‍ഡിട്ടത്. മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ഐപിഎല്ലല്‍ മുംബൈ ഇന്ത്യൻസിനായും ലക്നൗ സൂപ്പര്‍ ജയന്‍റ്സിനായും കളിച്ചിട്ടുള്ള അര്‍ഷാദ് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനായാണ് കളിക്കുന്നത്.
2023ല്‍ ഹൈദരാബാദിന്‍റെ രവി തേജയും ഗുജറാത്തിന്‍റെ അര്‍സാന്‍ നാഗസ്വാലയും 13 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മുഷ്താഖ് അലി ട്രോഫിയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2015ലെ സീസണില്‍ സര്‍വീസസ് താരം ഡി എസ് പൂനിയ 14 റണ്‍സിനും അതേ സീസണില്‍ സ്വപ്നില്‍ സിംഗ് 19 റണ്‍സിനും ആറ് വിക്കറ്റെടുത്തിട്ടുണ്ട്.
ചണ്ഡീഗഡിനെതിരെ തന്‍റെ രണ്ടാം ഓവറില്‍ തന്നെ ചണ്ഡീഗഡ് ഓപ്പണര്‍ അര്‍ജുൻ ആസാദിന്‍റെ ഓഫ് സ്റ്റംപ് എറിഞ്ഞു തകര്‍ത്ത അര്‍ഷാദ്, പിന്നാലെ ക്യാപ്റ്റൻ ശിവം ബാബ്രിയെയും ഗോള്‍ഡന്‍ ഡക്കാക്കി. നിഖില്‍ താക്കൂറിനെ നാലു റണ്‍സിന് പുറത്താക്കിയ അര്‍ഷാദ് പവര്‍പ്ലേയില്‍ തന്നെ ചണ്ഡീഗഡിനെ തകര്‍ത്തു. തന്‍റെ രണ്ടാം സ്പെല്ലിനായി സ്ലോഗ് ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ അര്‍ഷാദ് പത്തൊമ്പതാം ഓവറില്‍ ഗൗരവ് പുരിയെയും സന്യം സെയ്നിയെയും നിഖില്‍ ശര്‍മയെയും പുറത്താക്കി ആറ് വിക്കറ്റ് പിഴുതു. അര്‍ഷാദിന്‍റെ ബൗളിംഗ് കരുത്തില്‍ മധ്യപ്രദേശ് ചണ്ഡീഗഡിനെ 20 ഓവറില്‍ 134 റണ്‍സില്‍ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിംഗില്‍ 14 ഓവറില്‍ മധ്യപ്രദേശ് വിജയലക്ഷ്യം അടിച്ചെടുത്തു.


