കമിന്‍സിന് പുറമെ ഹേസല്‍വുഡിനെ കൂടി നഷ്ടമായത് പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓസീസിന് കനത്ത തിരിച്ചടിയാകും.

പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരാ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പരിക്കുമൂലം ക്യാപ്റ്റൻ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ആദ്യ ടെസ്റ്റിനുള്ള ഓസീസ് പ്ലേയിംഗ് ഇലവനിലില്ല. ആഷസില്‍ കളിക്കാനായി ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷം തയാറെടുപ്പുകള്‍ക്കായി പോയ ഹേസല്‍വുഡിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. 

കമിന്‍സിന് പുറമെ ഹേസല്‍വുഡിനെ കൂടി നഷ്ടമായത് പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓസീസിന് കനത്ത തിരിച്ചടിയാകും. ഹേസല്‍വുഡിന് പകരം പേസര്‍ ബ്രണ്ടന്‍ ഡോഗെറ്റിന് ഓസീസ് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നൽകുമ്പോള്‍ ബാറ്റിംഗ് നിരയില്‍ ജേക്ക് വെതറാള്‍ഡും നാലെ ഓസീസ് ക്യാപ് അണിയും. മിച്ചല്‍ സ്റ്റാര്‍ക്കും സ്കോട് ബോളണ്ടുമാണ് ടീമിലെ മറ്റ് പേസര്‍മാര്‍.

വെറ്ററന്‍ താരം ഉസ്മാന്‍ ഖവാജക്കൊപ്പം ഓപ്പണറായാണ് വെതറാള്‍‍ഡ് ഇറങ്ങുക.യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ ഒഴിവാക്കിയപ്പോള്‍ ഫോം ഔട്ടായ മാര്‍നസ് ലാബുഷെയ്നും ടീമിലുണ്ട്. കമിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ആദ്യ ടെസ്റ്റില്‍ ഓസീസിനെ നയിക്കുന്നത്.

ആഷസ് ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവന്‍: ഉസ്മാൻ ഖവാജ, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക്, ബ്രെൻഡൻ ഡോഗെറ്റ്, സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ.

ഓസ്ട്രേലിയക്കെതിരായ ഒന്നാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്‍റെ 12 അംഗ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.സ്പിന്നർ ഷുഐബ് ബഷീറിനെ 12 അംഗ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പെര്‍ത്തിലെ ഒപ്ടസ് സ്റ്റേഡിയത്തിലും പേസും ബൗണ്‍സും കണക്കിലെടുത്ത ഇംഗ്ലണ്ടിന്‍റെ 12 അംഗ ടീമിൽ അഞ്ച് ഫാസ്റ്റ് ബൗള‍ർമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷുഐബ് ബഷീർ, പേസർ ബ്രൈഡൻ കാർസ് എന്നിവരിൽ ഒരാളായിരിക്കും അന്തിമ ഇലവനില്‍ നിന്ന് പുറത്തിരിക്കുക.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്‍റെ 12 അംഗ ടീം: ബെൻ ഡക്കറ്റ്, സാക് ക്രോളി, ഒലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ഗസ് അറ്റ്കിൻസൺ, മാർക് വുഡ്, ജോഫ്ര ആർച്ചർ, ഷുഐബ് ബഷീര്‍, ബ്രെയ്ഡന്‍ കാര്‍സ് എന്നിവരാണ് പന്ത്രണ്ടംഗ ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക