രണ്ടര മാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ ലീഗ് എന്ന സംവിധാനത്തിന് പകരം ആറ് മാസം നീണ്ടും നില്‍ക്കുന്ന ലീഗായിരിക്കണം ഉണ്ടാവേണ്ടത്.
ബെംഗളൂരു: വര്‍ഷാവര്‍ഷം നടക്കുന്ന ഐപിഎല്‍ താരലേലം അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഓരോ വര്‍ഷവും താരലേലം നടത്തുന്നതിന് പകരം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന താരകൈമാറ്റത്തിനാണ് അവസരം ഒരുക്കേണ്ടതെന്നും റോബിന്‍ ഉത്തപ്പ യുട്യൂബ് ചാലില്‍ പറഞ്ഞു.
രണ്ടര മാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ ലീഗ് എന്ന സംവിധാനത്തിന് പകരം ആറ് മാസം നീണ്ടും നില്‍ക്കുന്ന ലീഗായിരിക്കണം ഉണ്ടാവേണ്ടത്. ഐപിഎല്‍ തുടങ്ങിയപ്പോള്‍ എങ്ങനെയായിരുന്നോ അവിടെ തന്നെ നില്‍ക്കുകയാണിപ്പോഴും. ലോകത്തിലെ ഏറ്റവും മുന്‍നിര ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ പരിഷ്കരണത്തിനും പക്വതക്കും സമയമായിരിക്കുന്നു. അതിന്‍റെ ഭാഗമായി ഓരോ വര്‍ഷവും നടക്കുന്ന താരലേലം അവസാനിപ്പിക്കണം. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന താരകൈമാറ്റവും അതിനായി ഒരു കരട് ലിസ്റ്റും തയാറാക്കണം. കളിക്കുന്ന കാലം മുതല്‍ ഞാനിക്കാര്യം പറയുന്നുണ്ട്.
ടെലിവിഷനുവേണ്ട വിനോദമൂല്യത്തിനപ്പുറം ഇപ്പോഴും ഐപിഎല്‍ ഇപ്പോഴും മാറിയിട്ടില്ല. ടിവിയില്‍ താരലേലം കാണാന്‍ ആളുകളുണ്ടാകും. എന്നാല്‍ അതുമാത്രം പോര. കാണികളളെ ഓരോ ടീമുകളുടെയും ആരാധക കൂട്ടമായി വളര്‍ത്തണം. അതിന് ആറ് മാസത്തോളം നീണ്ടു നില്‍ക്കുന്ന ലീഗ് ഗുണം ചെയ്യും. ഇതിനിടയില്‍ രാജ്യാന്തര മത്സരങ്ങളും കളിക്കാം. ആ രീതിയിലാണ് ഇനി ഐപിഎല്ലിനെ വളര്‍ത്തേണ്ടതെന്നും ഉത്തപ്പ പറഞ്ഞു.
അടുത്ത മാസം 16ന് അബുദാബിയില്‍ ഐപിഎല്‍ മിനി താരലേലം നടക്കാനിരിക്കെയാണ് ഉത്തപ്പയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്‍റെ മാതൃകയാണ് ഐപിഎല്ലിനും ഉത്തപ്പ നിര്‍ദേശിക്കുന്നത്. ഇത്തവണ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നടന്ന താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനും മലയാളിയ താരവുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് കൂടുമാറിയപ്പോള്‍ ചെന്നൈയുടെ വിശ്വസ്ത താരമായ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് താരം സാം കറനും പകരം രാജസ്ഥാന്‍ റോയല്‍സിലെത്തിയിരുന്നു.


