ത്രിദിന പരിശീലന മത്സരത്തില്‍ മിച്ചല്‍ നെസറിന്‍റെ പന്തില്‍ പൂജ്യത്തിന് മടങ്ങി പൂജാര. ഒന്നൊന്നര പന്ത് എന്ന് ഈ വിക്കറ്റിനേ വിശേഷിപ്പിച്ചേ മതിയാകൂ. 

സിഡ്‌നി: കഴിഞ്ഞ തവണ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിന് എത്തിയപ്പോള്‍ റണ്‍മല കെട്ടിയ താരമാണ് ചേതേശ്വര്‍ പൂജാര. എന്നാല്‍ ഇക്കുറി പരിശീലന മത്സരത്തില്‍ താരം കാര്യമായ മികവ് പുറത്തെടുത്തില്ല. ത്രിദിന പരിശീലന മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ മിച്ചല്‍ നെസറിന്‍റെ പന്തില്‍ പൂജ്യത്തിന് മടങ്ങി പൂജാര. ഒന്നൊന്നര പന്ത് എന്ന് ഈ വിക്കറ്റിനേ വിശേഷിപ്പിച്ചേ മതിയാകൂ. 

മൂന്നാം ദിനം എട്ട് പന്തുകള്‍ മാത്രം നേരിട്ടായിരുന്നു പൂജാരയുടെ മടക്കം. പെര്‍ഫക്‌‌ട് ലൈനിലും ലെങ്തിലും കുതിച്ചെത്തിയ പന്ത് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍റെ ഓഫ് സ്റ്റംപ് കവരുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ക്ഷമയോടെ 140 പന്ത് നേരിട്ട് 54 റണ്‍സ് നേടിയിരുന്നു താരം. 

Scroll to load tweet…

2018-19 സീസണിലെ പര്യടനത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് നേടിയപ്പോള്‍ പര്യടനത്തിലെ താരമായിരുന്നു ചേതേശ്വര്‍ പൂജാര. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത താരം നാല് ടെസ്റ്റുകളില്‍ 1258 പന്തുകള്‍ നേരിട്ട് 521 റണ്‍സ് അടിച്ചുകൂട്ടി. ഇത്തവണയും ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് പ്രതീക്ഷ പൂജാരയാണ്, പ്രത്യേകിച്ച് വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍. അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 17ന് പകല്‍-രാത്രി മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. 

പൂജ്യത്തിന് പുറത്തായതിന്‍റെ ക്ഷീണം ഫീല്‍ഡിംഗില്‍ മാറ്റി പൃഥ്വി ഷാ; കാണാം അവിശ്വസനീയ ക്യാച്ച്

അതേസമയം പരമ്പരയില്‍ ഓസ്‌ട്രേലിയ പ്രതീക്ഷയോടെ കാണുന്ന താരങ്ങളില്‍ ഒരാളാണ് ബൗളിംഗ് ഓള്‍റൗണ്ടറായ മിച്ചല്‍ നെസര്‍. ടെസ്റ്റ് അരങ്ങേറ്റത്തിനായാണ് നെസര്‍ കാത്തിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍ എന്നീ 'ബിഗ് ഫോര്‍' പേസര്‍മാരുടെ ബാക്ക്‌അപ്പായാണ് നെസറിനെ ഉള്‍പ്പെടുത്തിയത്. സ്റ്റാര്‍ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വീട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ നെസറിന് അവസരം ലഭിക്കുമോ എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നു. 

ശരിയായ മാച്ച് വിന്നറാവാന്‍ പാണ്ഡ്യ ഒരു കാര്യം ശ്രദ്ധിക്കണം; ഉപദേശവുമായി സഹീര്‍ ഖാന്‍