ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ നാളെ ഇറങ്ങുകയാണ്. പരമ്പരയിൽ 1-0ന് പിന്നിലുള്ള ഇന്ത്യക്ക് ഒപ്പമെത്താൻ ജയം അനിവാര്യമാണ്.

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഏകദിന ക്യാപ്റ്റനായ അരങ്ങേറിയ ശുഭ്മാന്‍ ഗില്ലിനും ഫോമിലെത്താന്‍ സാധിച്ചില്ല.

2015നുശേഷം ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നേടാന് ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റു. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും 2108ലും 2020ലും കോലിക്ക് കീഴിലും ഇന്ത്യ തോറ്റു. ധോണിക്ക് കീഴില്‍ 4-1, കോലിക്ക് കീഴില്‍ 2-1, 2-1 എന്നിങ്ങനെയായിരുന്നു ഇന്ത്യ പരമ്പര കൈവിട്ടത്. പരമ്പരയില്‍ ഒപ്പമെത്തണമെങ്കില്‍ ഇന്ത്യക്ക് നാളെ ജയിക്കേണ്ടതുണ്ട്. ആദ്യ മത്സരത്തില്‍ മഴയെ തുടര്‍ന്ന് ഓവര്‍ ചുരുക്കേണ്ടി വന്നിരുന്നു. ഇത്തവണ അങ്ങനെയുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കാലാവസ്ഥ

ഈ ആഴ്ച്ച മുഴുവന്‍ ഇടവിട്ട് മഴയെത്തിയിരുന്നു അഡ്‌ലെയ്ഡില്‍. എങ്കിലും നാളെ മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയില്ല. എന്നാല്‍, അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കാറ്റും പ്രതീക്ഷിക്കാം. എന്നാല്‍ മത്സരം തടസപ്പെടില്ല. മൂടിക്കെട്ടിയ ആകാശം പേസര്‍മാരെ പിന്തുണയ്ക്കുമെന്നുള്ള കാര്യത്തില്‍ തര്‍ക്കം വേണ്ട.

മത്സരം ഇന്ത്യന്‍ സമയം എപ്പോള്‍

അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. പകല്‍ രാത്രി മത്സരമാണ് നടക്കുക.

ഇന്ത്യയില്‍ കാണാനുള്ള വഴികള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും.

രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ / കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ / ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.

YouTube video player