Asianet News MalayalamAsianet News Malayalam

ഗാബ ടെസ്റ്റില്‍ ഓസീസിനെതിരെ തിരിച്ചടിയുമായി ദക്ഷിണാഫ്രിക്ക, തകര്‍ത്തടിച്ച് ട്രാവിസ് ഹെഡ്

ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഓസീസിനും നിലയുറപ്പിക്കാനായില്ല. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് ഡേവിഡ് വാര്‍ണറെ റബാഡ ഉഗ്രന്‍ ബൗണ്‍സറില്‍ സോണ്ടോയുടെ കൈകളിലെത്തിച്ചു.

Australia vs South Africa, 1st Test Day 1 Live updates and match report
Author
First Published Dec 17, 2022, 2:06 PM IST

ബ്രിസ്‌ബേന്‍: ഗാബ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 152 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക അതേനാണയത്തില്‍ തിരിച്ചടിക്കുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 145 റണ്‍സെടുക്കുന്നതിനിടെ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചടി. അഞ്ച് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കന്‍ സ്കോറിന് ഏഴ് റണ്‍സ് പിന്നിലാണിപ്പോള്‍ ഓസ്ട്രേലിയ. 77 പന്തില്‍ 78 റണ്‍സടിച്ച ട്രാവിസ് ഹെഡ് ക്രീസിലുണ്ട്.

അടി, തിരിച്ചടി

ഗാബയിലെ ബൗളിംഗ് പിച്ചില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 48.2 ഓവറില്‍ വെറും 152 റണ്‍സിനായിരുന്നു ഓസീസ് പേസര്‍മാര്‍ എറിഞ്ഞിട്ടത്.  പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് 41 റണ്‍സിന് മൂന്നും പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ നേഥന്‍ ലിയോണ്‍ 8 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

അയ്യയ്യേ നാണക്കേട്! ടീം 15ല്‍ പുറത്ത്, അഞ്ച് പേര്‍ വട്ടപ്പൂജ്യം; ഇടിവെട്ടി കരിഞ്ഞപോലെ തണ്ടര്‍ ടീം

ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഓസീസിനും നിലയുറപ്പിക്കാനായില്ല. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് ഡേവിഡ് വാര്‍ണറെ റബാഡ ഉഗ്രന്‍ ബൗണ്‍സറില്‍ സോണ്ടോയുടെ കൈകളിലെത്തിച്ചു. 9-ാം ഓവറിലെ ആദ്യ പന്തില്‍ ഫോമിലുള്ള മാര്‍നസ് ലബുഷെയ്‌നും മടങ്ങി. മാര്‍ക്കോ ജാന്‍സനായിരുന്നു വിക്കറ്റ്. ലബുഷെയ്‌ന്‍ 24 പന്തില്‍ 11 റണ്‍സേ നേടിയുള്ളൂ. 26 പന്തില്‍ 11 റണ്‍സെടുത്ത ഉസ്‌മാന്‍ ഖവാജയെ പത്താം ഓവറിലെ രണ്ടാം പന്തില്‍ നോര്‍ക്യ പുറത്താക്കി. 27-3ലേക്ക് കൂപ്പുകുത്തിയ ഓസീസിന് സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡ്ഡും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് ഓസീസിനെ 144ല്‍ എത്തിച്ചു.

എന്നാല്‍ ആദ്യ ദിനത്തിലെ കളി തീരാനിരിക്കെ സ്റ്റീവ് സ്മിത്തിനെ ബൗള്‍ഡാക്കി നോര്‍ക്യയും നൈറ്റ് വാച്ച്‌മാനായി എത്തിയ ബോളണ്ടിനെ റബാഡയും വീഴ്ത്തിയതോടെ ഓസീസിന് വീണ്ടും തിരിച്ചടിയേറ്റു. അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ട്രാവിസ് ഹെഡ്ഡിന് പുറമെ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുമെല്ലാം ബാറ്റിംഗിന് ഇറങ്ങാനുള്ളതിനാല്‍ ഓസീസിന് മികച്ച ലീഡ് പ്രതീക്ഷയുണ്ട്. ദക്ഷിണാഫ്രിക്കക്കായി നോര്‍ക്യയും റബാഡയും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ വെറും 49 ഓവറുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ് അവസാനിപ്പിച്ചാണ് ഓസീസ് ബൗളര്‍മാര്‍ കരുത്തു കാട്ടിയത്. നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 96 പന്തില്‍ 64 റണ്‍സ് നേടിയ കെയ്‌ല്‍ വെരീന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി 50 പിന്നിട്ടത്. നായകന്‍ ഡീന്‍ എല്‍ഗാര്‍ 10 പന്തില്‍ മൂന്നും സരേല്‍ ഇര്‍വിയ 37 പന്തില്‍ 10ഉം വാന്‍ ഡെര്‍ ഡസ്സന്‍ 12 പന്തില്‍ അഞ്ചും തെംബാ ബാവുമ 70 പന്തില്‍ 38 ഉം ഖയാ സോണ്ടോ 2 പന്തില്‍ പൂജ്യത്തിനും മാര്‍ക്കോ ജാന്‍സന്‍ 19 പന്തില്‍ രണ്ടിനും കേശവ് മഹാരാജ് ആറ് പന്തില്‍ രണ്ടിനും ആന്‍‌റിച്ച് നോര്‍ക്യ ഏഴ് പന്തില്‍ പൂജ്യത്തിനും ലുങ്കി എന്‍ഗിഡി 13 പന്തില്‍ മൂന്നിനും പുറത്തായി. കാഗിസോ റബാഡ 18 പന്തില്‍ 10* റണ്‍സുമായി പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios