Asianet News MalayalamAsianet News Malayalam

അയ്യയ്യേ നാണക്കേട്! ടീം 15ല്‍ പുറത്ത്, അഞ്ച് പേര്‍ വട്ടപ്പൂജ്യം; ഇടിവെട്ടി കരിഞ്ഞപോലെ തണ്ടര്‍ ടീം

സിഡ്‌നി തണ്ടറിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സിന് എതിരായ മത്സരം

Big Bash League 2022 23 Sydney Thunder created unwanted record after all out by 15 runs
Author
First Published Dec 17, 2022, 12:29 PM IST

സിഡ്‌നി: സിഡ്‌നി തണ്ടര്‍, ടീമിന്‍റെ പേരൊക്കെ ഇടിവെട്ടാണ്. പക്ഷേ ബിഗ്‌ ബാഷില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സിനോട് 5.5 ഓവറില്‍ വെറും 15 റണ്ണില്‍ പുറത്തായി തണ്ടറിന്‍റെ തടി കേടായി. ട്വന്‍റി 20 ക്രിക്കറ്റില്‍ ഒരു ടീമിന്‍റെ കുഞ്ഞന്‍ സ്കോര്‍ എന്ന നാണക്കേട് സ്വന്തമായതോടെ തലയുയര്‍ത്തി അടുത്ത മത്സരത്തിന് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി സിഡ്‌നി തണ്ടര്‍ താരങ്ങള്‍. പോരാത്തതിന് ട്രോളര്‍മാര്‍ എയറിലാക്കിയ ടീം അടുത്ത മത്സരത്തില്‍ താഴെ ഇറങ്ങുമോയെന്നും കണ്ടറിയണം. 

സിഡ്‌നി തണ്ടറിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സിന് എതിരായ മത്സരം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പക്ഷേ സിഡ്‌നി താരങ്ങള്‍ നാണംകെട്ട് മടങ്ങി. അഡ്‌ലെയ്‌ഡ് മുന്നോട്ടുവെച്ച 140 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിഡ്‌നി തണ്ടര്‍ ടീമിന്‍റെ ഇന്നിംഗ്‌സ് പവര്‍ പ്ലേ കടന്നില്ല. വെറും 5.5 ഓവറില്‍ 15 റണ്ണില്‍ ടീം പുറത്തായി. കൂറ്റനടിക്കാരായ അലക്‌സ് ഹെയ്‌ല്‍സും മാത്യൂ ഗില്‍ക്‌സും ജേസന്‍ സങ്കയും പൂജ്യത്തിനും റൈലി റൂസോ മൂന്നിനും പുറത്തായപ്പോള്‍ മറ്റ് ബാറ്റര്‍മാരുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. ടീമിലെ ഒരൊറ്റ താരം പോലും രണ്ടക്കം കാണാതെ വന്നപ്പോള്‍ നാല് റണ്‍സെടുത്ത പത്താം നമ്പര്‍ താരം ബ്രെണ്ടന്‍ ഡോഗെറ്റായിരുന്നു ടോപ് സ്കോറര്‍. അഞ്ച് താരങ്ങള്‍ ഡക്കായി. 

2.5 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുമായി ഹെന്‍‌റി തോര്‍ടനും 2 ഓവറില്‍ ആറ് റണ്ണിന് നാല് വിക്കറ്റുമായി വെസ് അഗറും ഒരോവറില്‍ അഞ്ച് റണ്ണിന് ഒരു വിക്കറ്റുമായി മാത്യൂ ഷോട്ടുമാണ് സിഡ്‌നി തണ്ടര്‍ താരങ്ങളെ എറിഞ്ഞോടിച്ചത്. ഇതോടെ മത്സരം അഡ്‌ലെയ്‌ഡ് 124 റണ്ണിന് വിജയിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 139 റണ്‍സെടുക്കുകയായിരുന്നു. 36 റണ്‍സുമായി ക്രിസ് ലിന്നും 33 റണ്‍സുമായി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഗോമും തിളങ്ങി. ടി20യിലെ ഏറ്റവും കുറഞ്ഞ സ്കോറില്‍ പുറത്തായ സിഡ്‌നി തണ്ടര്‍ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം നേരിടുകയാണ്. 2019ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ 21 റണ്‍സില്‍ പുറത്തായ തുര്‍ക്കി ടീമിന്‍റെ പേരിലായിരുന്നു നേരത്തെ കുഞ്ഞന്‍ സ്കോറിന്‍റെ റെക്കോര്‍ഡ്. 

ഗാബയില്‍ ബൗളര്‍മാരുടെ മേളം; ദക്ഷിണാഫ്രിക്ക കുഞ്ഞന്‍ സ്കോറില്‍ പുറത്ത്, തിരിച്ചെറിഞ്ഞ് പ്രോട്ടീസ്

Follow Us:
Download App:
  • android
  • ios