Asianet News MalayalamAsianet News Malayalam

സെമി പ്രതീക്ഷകള്‍ സജീവമാക്കി ഓസീസ്; അയര്‍ലന്‍ഡിനെതിരെ 42 റണ്‍സ് ജയം

ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്‌സ്. അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ മറ്റു ഐറിഷ് താരങ്ങള്‍ക്ക് സാധിച്ചില്ല. നാല് ഓവറില്‍ അയര്‍ലന്‍ഡ് അഞ്ചിന് 25 എന്ന നിലയിലായിരുന്നു.

Australia won over Ireland by 42 runs in T20WC Super 12
Author
First Published Oct 31, 2022, 5:44 PM IST

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് 42 റണ്‍സ് ജയം. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. 44 പന്തില്‍ 63 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 18.1 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. 48 പന്തില്‍ 71 റണ്‍സ് നേടി ലോര്‍കന്‍ ടക്കര്‍ പുറത്താവാതെ നിന്നു. ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള അവര്‍ രണ്ടാമത്. 

ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്‌സ്. അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ മറ്റു ഐറിഷ് താരങ്ങള്‍ക്ക് സാധിച്ചില്ല. നാല് ഓവറില്‍ അയര്‍ലന്‍ഡ് അഞ്ചിന് 25 എന്ന നിലയിലായിരുന്നു. മുന്‍നിരയിലെ പോള്‍ സ്റ്റിര്‍ലിംഗ് (11), ആന്‍ഡ്രൂ ബാല്‍ബിര്‍നി (6), ഹാരി ടെക്റ്റര്‍ (6), ക്വേര്‍ടിസ് കാംഫെര്‍ (0), ജോര്‍ജ് ഡോക്‌റെല്‍ (0) എന്നിവരാണ് കൂടാരം കയറിയിരുന്നത്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നേടാന്‍ ഗ്ലെന്‍മാക്സ്വെല്ലിനായിരുന്നു. അഞ്ച് വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടെണ്ണം വീഴ്ത്തി.

'ബം​ഗ്ലാദേശിനെതിരെ റിഷഭ് പന്തിനെ ഉൾപ്പെടുത്തണം'; ആവശ്യവുമായി മുൻതാരങ്ങൾ

അതേസമയം, ഒരറ്റത്ത് ടക്കര്‍ പിടിച്ചുനിന്നു. ഗരെത് ഡെലാനി (14), മാര്‍ക് അഡൈര്‍ (11) എന്നിവര്‍ അല്‍പനേരം പിടിച്ചുനിന്നു. പിന്നാലെ വന്ന ഫിയോണ്‍ ഹാന്‍ഡ് (6), ബാരി മക്കാര്‍ത്തി (3), ജോഷ്വ ലിറ്റില്‍ (1) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ അയര്‍ലന്‍ഡ് 137ന് കൂടാരം കയറി. മാക്‌സ്‌വെല്‍, സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് പുറമെ പാറ്റ് കമ്മിന്‍സ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസിന് ഒരു വിക്കറ്റുണ്ട്.

നേരത്തെ ഫിഞ്ചിന്റെ പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മാര്‍കസ് സ്‌റ്റോയിനിസ് (35), മിച്ചല്‍ മാര്‍ഷ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍ (3) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മൂന്നാം ഓവറിലാണ് താരം മടങ്ങുന്നത്. മാക്‌സ്‌വെല്ലും (13) അവസരത്തിനൊത്ത് ഉയര്‍ന്നില്ല. സ്‌റ്റോയിനിസിന്റെ പ്രകടനമാണ് സ്‌കോര്‍ 170 കടക്കാന്‍ സഹായിച്ചത്. ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (7) പുറത്താവാതെ നിന്നു. ബാരി മക്കാര്‍ത്തി അയല്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ്വാ ലിറ്റിലിന് രണ്ട് വിക്കറ്റുണ്ട്.
 

Follow Us:
Download App:
  • android
  • ios