ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന് റിപ്പോർട്ടുകൾ.
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീറും ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് സൂചനകള്‍. സീനിയര്‍ താരങ്ങളായ ഇരുവരേയും ഗംഭീര്‍ ടീമില്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരുവര്‍ക്കുമുള്ള ബന്ധം വഷളായതില്‍ ബിസിസിഐ അസ്വസ്ഥതയിലുമാണ്. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരും ടെസ്റ്റില്‍ നിന്ന് വിരമിച്ച ശേഷമാണ് ബന്ധം ഇത്രത്തോളം പ്രശ്‌നമായത്. ഗംഭീറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും ടെസ്റ്റില്‍ നിന്ന് വിരമിച്ചതെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു.
നിലവില്‍ നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഗൗതം ഗംഭീറും ടീമിലെ സീനിയര്‍ താരങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടീം മീറ്റിങ്ങുകളിലും പരിശീലനങ്ങള്‍ക്കിടയിലും താരങ്ങളും കോച്ചും തമ്മിലുള്ള അകല്‍ച്ച പ്രകടവുമായിരുന്നു. ടീമിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബിസിസിഐ ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രോഹിത്തും കോലിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കോലി 135 റണ്‍സ് നേടി. രോഹിത്തിന്റെ അക്കൗണ്ടില്‍ 57 റണ്‍സുണ്ടായിരുന്നു. ഇതോടെ ചില നേട്ടങ്ങളും ഇരുവരേയും തേടിയെത്തി. സിക്‌സറുകളില്‍ റെക്കോര്‍ഡിട്ടാണ് ഹിറ്റ്മാന്‍ ആരാധകരെ ആവേശത്തിലാക്കിയത്. രോഹിത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അത് മതി, ഏകദിന കരിയറിലെ 352- സിക്‌സര്‍ നേടി ഹിറ്റ്മാന് റെക്കോര്‍ഡ് തലപ്പൊക്കം. 369 ഇന്നിങ്‌സില്‍ നിന്ന് ഷാഹീദ് അഫ്രീദി പടത്തുയര്‍ത്തിയ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. അതും നൂറ് ഇന്നിംഗ്‌സുകള്‍ കുറച്ച് കളിച്ചിട്ട് പോലും. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടനവധി സിക്‌സര്‍ റെക്കോര്‍ഡുകള്‍ രോഹിതിന്റെ പേരിലുണ്ട്.
ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറിവേട്ടക്കാരില്‍ രണ്ടാമനായി കോലി.. 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. ഒറ്റഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ഒപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടവും കോലിക്ക് സ്വന്തം. മറികടന്നത് അഞ്ച് സെഞ്ച്വറി വീതം നേടിയ സച്ചിനേയും ഡേവിഡ് വാര്‍ണറേയും.



