അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്‍റെ വേദി ചെന്നൈയില്‍ നിന്ന് ബംഗലൂരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്‍റെ വേദി ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്നാണ് പാക്കിസ്ഥാന്‍റെ പ്രധാന ആവശ്യം.
മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളായി ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം വൈകാന്‍ കാരണം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡെന്ന് ബിസിസിഐ. രണ്ടാഴ്ച മുമ്പ് തന്നെ ബിസിസിഐ സമര്‍പ്പിച്ച കരട് മത്സരക്രമം ടീമുകളുടെ പരിഗണക്കായി അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഐസിസി അയച്ചു കൊടുത്തിരുന്നു. വേദികളും മത്സരക്രമവും സംബന്ധിച്ച് മറ്റ് ടീമുകളൊന്നും എതിര്‍പ്പറിയിച്ചില്ലെങ്കിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ‍് എതിര്‍പ്പുമായി രംഗത്തെത്തിയതാണ് ഔദ്യോഗികമായി ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാവാത്ത സാഹചര്യമുണ്ടാക്കിയത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്‍റെ വേദി ചെന്നൈയില്‍ നിന്ന് ബംഗലൂരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്‍റെ വേദി ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്നാണ് പാക്കിസ്ഥാന്‍റെ പ്രധാന ആവശ്യം. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ബിസിസിഐ തള്ളിക്കളയുകയും ഇപ്പോള്‍ ഐസിസിയുടെ മധ്യസ്ഥശ്രമത്തില്‍ ചര്‍ച്ച നടക്കുകയുമാണ്.
ഇന്ത്യയുമായി അഹമ്മദാബില്‍ കളിക്കുന്നതിനും പാക്കിസ്ഥാന്‍ തടസമുന്നയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അഹമ്മദാബാദില്‍ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്. വേദികള്‍ സംബന്ധിച്ച് പാക്കിസ്ഥാന്‍ ഓരോ തവണയും ഓരോ തടസമുന്നയിക്കുന്നതാണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കാന്‍ തടസമാകുന്നതെന്ന് ബിസിസിഐ പ്രതിനിധി ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.
നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ഐസിസി ലോകകപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും മത്സരക്രമം പുറത്തിറക്കാന്‍ ഐസിസിക്കായിട്ടില്ല. അടുത്ത ആഴ്ചയോടെയെങ്കിലും ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഐസിസി. കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കേണ്ടത്.
