2026ലെ ടി20 ലോകകപ്പിൽ എം എസ് ധോണിയെ ഇന്ത്യൻ ടീമിന്റെ മെന്ററാക്കാൻ ബിസിസിഐ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്. 

മുംബൈ: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ എം എസ് ധോണിയെ ഇന്ത്യൻ ടീമിന്‍റെ മെന്‍ററാക്കാന്‍ ബിസിസിഐ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്. 2021ലെ ടി20 ലോകകപ്പില്‍ മെന്‍ററാക്കിയതുപോലെ 2026 ടി20 ലോകകപ്പിലും ധോണിയെ മെന്‍ററാക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ക്രിക് ബ്ലോഗറാണ് റിപ്പോര്‍ട്ട് ചെയ്തത്. ടി20 ടീമിന്‍റെ മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും പുരുഷ ടീമിന്‍റെയും വനിതാ ടീമിന്‍റെയും ജൂനിയര്‍ ടീമിന്‍റെയും വലിയ ഉത്തരവാദിത്തമുള്ള റോളാണ് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും എന്നാല്‍ ഗൗതം ഗംഭീര്‍ പുരുഷ ടീം പരിശീലകനായിരിക്കുന്നിടത്തോളം കാലം ധോണി ഇത് ഏറ്റെടുക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഇക്കാര്യത്തില്‍ ബിസിസിഐയില്‍ നിന്നോ ധോണിയില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

അതേസമയം, ധോണിയെ ഇന്ത്യൻ ടീം മെന്‍ററാക്കണമെങ്കില്‍ ബിസിസിഐ മാത്രം തിരുമാനിച്ചാല്‍ മതിയാവില്ലെന്നും ധോണി തന്നെ അത് തീരുമാനിക്കേണ്ടിവരുമെന്നും മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി വാര്‍ത്തയോട് പ്രതികരിച്ചു. കാരണം, ധോണി ഫോണെടുത്താല്‍ മാത്രമെ മെന്‍ററാവാന്‍ കഴിയുമോ എന്ന കാര്യം ബിസിസിഐക്ക് ചോദിക്കാനാവു എന്നും ധോണിയെ ഫോണില്‍ കിട്ടുക അപൂര്‍വമാണെന്നും മനോജ് തിവാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കളിക്കുന്ന കാലത്തുതന്നെ ഫോണെടുക്കാത്ത ധോണിയുടെ ശീലം കുപ്രസിദ്ധമാണ്. ഫോണെടുക്കുകയോ സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുകയോ ചെയ്യുന്ന പതിവ് ധോണിക്കില്ല. ഇക്കാര്യം മുന്‍ താരങ്ങള്‍ തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഒരു സന്ദേശം അയച്ചാല്‍ തന്നെ അത് ധോണി വായിച്ചോ എന്നറിയാന്‍ പോലും ഒരു മാര്‍ഗവുമില്ലെന്നും മനോജ് തിവാരി പറഞ്ഞു.

എന്നാല്‍ ധോണി മെന്‍ററായിവരുന്നത് ടീമിന് ഏറെ ഗുണകരമായിരിക്കുമെന്നും മനോജ് തിവാരി പറഞ്ഞു. ടീമിലെ യുവതാരങ്ങള്‍ ധോണിയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുമെന്നുറപ്പാണ്. പക്ഷെ അതിനെല്ലാം ധോണി ബിസിസിഐയുടെ വാഗ്ദാനം സ്വീകരിക്കുമോ എന്ന് ആദ്യം അറിയണം. ധോണി മെന്‍ററായി എത്തിയാല്‍ എന്ത് ഇംപാക്ടാണ് ഉണ്ടാക്കുകയെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അതെന്തായാലും രണ്ട് തവണ ലോകകപ്പ് നേടിയ ധോണി മെന്‍ററാവുന്നത് ടീമിന് എന്തായാലും ഗുണം ചെയ്യും. കാരണം, ഇന്നത്തെ യുവ സൂപ്പ‍ർ താരങ്ങളില്‍ പലരും ധോണിയെ ഏറെ ബുഹുമാനത്തോടെ കാണുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ അദ്ദേഹത്തെ കേള്‍ക്കുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല.ധോണിയും ഗംഭീറും തമ്മിലുള്ള കൂട്ടുകെട്ട് കേള്‍ക്കുമ്പോള്‍ തന്നെ രസകരമായ കാര്യമാണെന്നും മനോജ് തിവാരി പറഞ്ഞു.

കളിക്കുന്ന കാലത്തും അതിനുശേഷവും ധോണിയും ഗംഭീറും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. 2007ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോഴും 2011ലെ ഏകദിന ലോകകപ്പ് നേടിയപ്പോഴും ഫൈനലിലെ ടോപ് സ്കോറര്‍ ഗംഭീര്‍ ആയിരുന്നെങ്കിലും വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും ധോണിക്ക് നല്‍കുന്നതില്‍ ഗംഭീര്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ധോണി ഇന്ത്യൻ ടീമിന്‍റെ മെന്‍ററായിരുന്നെങ്കിലും വിരാട് കോലിക്ക് കീഴിലിറങ്ങിയ ഇന്ത്യ സെമി പോലും എത്താതെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക