സീസണില്‍ രണ്ടാം തവണയാണ് ശ്രേയസ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് പിഴത്തുക 24 ലക്ഷം രൂപയായി ഉയര്‍ന്നത്. 

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ് ഫൈനലിലെത്തിയതിന് പിന്നാലെ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും കനത്ത പിഴ ചുമത്തി ബിസിസിഐ. മുംബൈ ഇന്നിംഗ്സിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 24 ലക്ഷം രൂപയാണ് ശ്രേയസിന് പിഴ ചുമത്തിയത്. സീസണില്‍ രണ്ടാം തവണയാണ് ശ്രേയസ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് പിഴത്തുക 24 ലക്ഷം രൂപയായി ഉയര്‍ന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ആദ്യ തവണ 12 ലക്ഷം രൂപയായിരുന്നു ശ്രേയസിന് പിഴ ചുമത്തിയത്.

ശ്രേയസിന് പുറമെ പഞ്ചാബ് പ്ലേയിംഗ് ഇലവനിലെ ഇംപാക്ട് പ്ലേയര്‍ അടക്കമുള്ള താരങ്ങള്‍ക്കും കനത്ത പിഴ ചുമത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് അത്രയും തുകയാണ് പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന താരങ്ങള്‍ക്ക് പിഴയായി ചുമത്തിയത്. മഴമൂലം രണ്ട് മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരത്തില്‍ നിശ്ചിത സമയത്ത് രണ്ടോവര്‍ കുറച്ചായിരുന്നു പഞ്ചാബ് ബൗള്‍ ചെയ്തത്. ഇതോടെ അവസാന രണ്ടോവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ പഞ്ചാബിന് ബൗണ്ടറിയില്‍ നിര്‍ത്താനായിരുന്നുള്ളു. ഈ അവസരം മുതലെടുത്ത മുംബൈ അവസാന രണ്ടോവറില്‍ 23 റണ്‍സ് നേടുകയും ചെയ്തിരുന്നു. 

19 ഓവറില്‍ മത്സരം പൂര്‍ത്തിയായെങ്കിലും പഞ്ചാബ് ഇന്നിംഗ്സിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ബിസിസിഐ കനത്ത പിഴ ചുമത്തി. സീസണില്‍ മൂന്നാം തവണ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്ന ഹാര്‍ദ്ദിക്കിന് 30 ലക്ഷം രൂപയാണ് ബിസിസിഐ പിഴയായി ചുമത്തിയത്. ഇതിന് പുറമെ മുംബൈ പ്ലേയിംഗ് ഇലവനിലെ ഇംപാക്ട് പ്ലേയര്‍ അടക്കമുള്ള താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനമോ 12 ലക്ഷം രൂപയോ പിഴയായി ഒടുക്കണം.

പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍19 ഓവറില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തിയിരുന്നു. 41 പന്തില്‍ 87 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നിന്നു. നാളെ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പഞ്ചാബിന്‍റെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക