മത്സരത്തില്‍ പഞ്ചാബ് 16.4 ഓവറില്‍ 169 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ശശാങ്ക് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗ സിംഗിളിന് ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സിനെ ഫൈനലിലേക്ക് നയിച്ചപ്പോൾ പോലും അമിതാവേശ പ്രകടനങ്ങളൊന്നും പുറത്തെടുക്കാതിരുന്ന പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പക്ഷെ മത്സരത്തിനൊടുവില്‍ സഹതാരത്തെ കണ്ടപ്പോൾ രോഷം അടക്കാനായില്ല. മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ അലസമായി ഓടി റണ്ണൗട്ടായി പുറത്തായ സഹതാരം ശശാങ്ക് സിംഗിനുനേരെയാണ് ശ്രേയസ് രോഷപ്രകടനം നടത്തിയത്.
മത്സരത്തില്‍ പഞ്ചാബ് 16.4 ഓവറില്‍ 169 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ശശാങ്ക് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗ സിംഗിളിന് ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത്. ശശാങ്ക് ഡൈവ് ചെയ്തിരുന്നെങ്കിലോ ഓട്ടത്തിന് അല്‍പം വേഗം കൂട്ടിയിരുന്നെങ്കിലോ ക്രീസിലെത്താമായിരുന്നു. എന്നാല്‍ ശശാങ്ക് വളരെ അലസമായി ഓടി റണ്ണൗട്ടായത് ശ്രേയസിനെ ചൊടിപ്പിച്ചു. അതിവേഗം ഓടിയെടുക്കേണ്ട സിംഗിളായിട്ടും കളിയുടെ നിര്‍ണായകഘട്ടത്തില്‍ ശശാങ്ക് അലസത കാണിച്ച് നിരുത്തരവാദപരമായി പുറത്തായതിന്‍റെ രോഷം മുഴുവന്‍ മത്സരത്തിനൊടുവില്‍ ശ്രേയസ് പുറത്തെടുക്കുകയും ചെയ്തു.
ബോള്‍ട്ട് എറിഞ്ഞ പതിനേഴാം ഓവറില്‍ ശശാങ്ക് പുറത്തായശേഷം ജസ്പ്രീത് ബുമ്ര എറിഞ്ഞ പതിനെട്ടാം ഓവറില്‍ എട്ട് റണ്‍സ് മാത്രം നേടാനെ പഞ്ചാബിന് കഴിഞ്ഞിരുന്നുള്ളു. ഇതോടെ അവസാന രണ്ടോവറില്‍ വിജയലക്ഷ്യം 23 റൺസായി. അശ്വിനി കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 26 റണ്‍സടിച്ച് ശ്രേയസ് ഒറ്റക്ക് പഞ്ചാബിനെ വിജയത്തിലെത്തിച്ചെങ്കിലും ഈ സീസണില്‍ പഞ്ചാബ് നിലനിര്‍ത്തിയ രണ്ടേ രണ്ട് താരങ്ങളില്‍ ഒരാളായ ശശാങ്കിന്‍റെ ഭാഗത്തുനിന്നുണ്ടായ അലസത ശ്രേയസിനെ ശരിക്കും ചൊടിപ്പിച്ചു.
മത്സരത്തിനൊടുവില്‍ കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ സഹതാരങ്ങളെയും മുംബൈ താരങ്ങളെയുമെല്ലാം ശ്രേയസ് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിനിടെ കൈ കൊടുക്കാനായി അടുത്തെത്തിയ ശശാങ്കിനോട് നിന്നെ എന്‍റെ കണ്‍മുന്നില്‍ കണ്ടുപോകരുതെന്ന് പറഞ്ഞ് ശ്രേയസ് അവഗണിക്കുകയായിരുന്നു. ശശാങ്കിന് കൈ കൊടുക്കാനും ശ്രേയസ് തയാറായില്ല. ക്യാപ്റ്റന്‍റെ അവഗണനയില്‍ ശശാങ്ക് തലകുനിച്ച് നടന്നുപോവുകയും ചെയ്തു.


