ബിസിസിഐ ഭരണഘടനയിൽ ഇളവ് നൽകിയുള്ള ഇടക്കാല ഉത്തരവ് നാളെ പുറത്തിറക്കും

ദില്ലി: ബിസിസിഐ കേസിൽ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും ആശ്വാസം. ഇരുവര്‍ക്കും ബിസിസിഐ പ്രസിഡന്‍റായും സെക്രട്ടറിയായും തുടരാൻ സുപ്രീംകോടതി അനുമതി നല്‍കി. വരുന്ന തെരഞ്ഞെടുപ്പിലും ഇരുവർക്കും മത്സരിക്കാം. ബിസിസിഐ ഭരണഘടനയിൽ ഇളവ് നൽകിയുള്ള ഇടക്കാല ഉത്തരവ് നാളെ പുറത്തിറക്കും. ഇതോടെ ഇരുവര്‍ക്കും ആശ്വാസമായി സുപ്രീംകോടതിയുടെ ഇടപെടല്‍. 

ബിസിസിഐയുടെ ചരിത്രത്തിലെ സുപ്രധാന ഇടക്കാല വിധിയാണിത്. പ്രസിഡന്‍റ് സ്ഥാനത്ത് സൗരവ് ഗാംഗുലിക്കും സെക്രട്ടറിയായി ജയ് ഷായ്‌ക്കും ഒരു ടേം കൂടി സ്ഥാനങ്ങളില്‍ തുടരാന്‍ ബിസിസിഐ ഭരണഘടന ഭേദഗതി ചെയ്യണമായിരുന്നു. ഇതോടെയാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. 

ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേം ഭരണതലത്തിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ബിസിസിഐ ഭാരവാഹികളായത്. അങ്ങനെ 9 വര്‍ഷം ഇരുവരും ഭരണതലത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ വീണ്ടും സ്ഥാനങ്ങളില്‍ തുടരാന്‍ ഇരുവരെയും ബിസിസിഐ ഭരണഘടന അനുവദിക്കുമായിരുന്നില്ല. ഇതോടെ സുപ്രീംകോടതിയിലെത്തിയ കേസിലാണ് ബിസിസിഐ ഭരണഘടനയില്‍ ഭേദഗതി അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. 

സംസ്ഥാനങ്ങളിലും ബിസിസിഐയിലുമായി 9 വർഷം ഭാരവാഹിയായിരുന്നവർ 3 വർഷം മാറിനിൽക്കണമെന്ന ഭരണഘടന നിർദേശം ഭേദഗതി ചെയ്യാനുള്ള അനുമതിയാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ബിസിസിഐ അധ്യക്ഷൻ
സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും സ്ഥാനത്ത് തുടരാനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കും. രണ്ട് ടേം സംസ്ഥാന അസോസിയേഷനുകളിലും ഒരു ടേം ബിസിസിഐയിലും പൂർത്തിയായ സാഹചര്യത്തിലാണ് ബിസിസിഐ ഗാംഗുലിക്കും ജയ് ഷായ്ക്കുമായി ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടത്.

ബിസിസിഐ കേസിൽ ഗാംഗുലിക്കും ജയ്ഷായ്ക്കും ആശ്വാസം

'ചിലര്‍ ഒരിക്കലെ വിരമിക്കൂ'; വിരാട് കോലിയെ ഉപദേശിച്ച ഷാഹിദ് അഫ്രീദിയുടെ വായടപ്പിച്ച് അമിത് മിശ്ര