അഡ്‌ലെയ്ഡിൽ ഊബർ യാത്ര ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ വീഡിയോ വൈറലാകുന്നു. യാത്രക്കാരെ തിരിച്ചറിഞ്ഞ ഊബർ ഡ്രൈവറുടെ അമ്പരപ്പ് ഡാഷ് ക്യാമറയിൽ പതിഞ്ഞതാണ് വീഡിയോ തരംഗമാകാൻ കാരണം. 

അഡ്‌ലെയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ അഡ്‌ലെയ്ഡിൽ ഊബറിൽ യാത്ര ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യാത്രക്കാരെ കണ്ട് ഊബർ ഡ്രൈവർ ഞെട്ടിയത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിൽ എത്തിയിട്ടുള്ള ഇന്ത്യൻ ടീമിലെ അംഗങ്ങളാണ് ഈ മൂന്ന് താരങ്ങളും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അവസാന മത്സരം ശനിയാഴ്ച സിഡ്‌നിയിലാണ് നടക്കുക.

കാറിൽ സ്ഥാപിച്ചിരുന്ന ഡാഷ് ക്യാമറയിലാണ് ഈ രസകരമായ നിമിഷം പതിയുന്നത്. പ്രസിദ്ധ് കൃഷ്ണ ഡ്രൈവറുടെ അടുത്ത് മുന്നിലെ സീറ്റിലും ജയ്‌സ്വാളും ജൂറലും പിറകിലെ സീറ്റുകളിലുമാണ് ഇരുന്നത്. യാത്രയിലുടനീളം ഡ്രൈവർ ശാന്തനായിരിക്കാൻ ശ്രമിക്കുകയും ഒരു ആവേശവും പ്രകടിപ്പിക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധിക്കുകയും ചെയ്തു. എങ്കിലും താരങ്ങളെ കണ്ട ഉടൻ അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായ ഭാവം അമ്പരപ്പ് വ്യക്തമാക്കുന്നുണ്ടായിരുന്നു.

Scroll to load tweet…

അതേസമയം, ഇന്ത്യക്കെതിരെ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന് ജയിച്ചതോടെയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 46.2 ഓവറില്‍ ലക്ഷ്യം മറികടന്നു. മാത്യു ഷോര്‍ട്ട് (74), കൂപ്പര്‍ കൊനോലി (53 പന്തില്‍ പുറത്താവാതെ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ രോഹിത് ശര്‍മ (73), ശ്രേയസ് അയ്യര്‍ (61), അക്‌സര്‍ പട്ടേല്‍ (44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി ആഡം സാമ്പ നാല് വിക്കറ്റ് വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.