സയ്യിദ് മുഷ്താഖ് അലി ടി20യിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി മികവിൽ കർണാടക തമിഴ്‌നാടിനെ 146 റൺസിന് തകർത്തു. 

അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ തമിഴ്‌നാടിനെതിരെ കര്‍ണാടകയ്ക്ക് 146 റണ്‍സിന്റെ കൂറ്റന്‍ ജയം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (46 പന്തില്‍ പുറത്താവാതെ 102) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് കേവലം 14.2 ഓവറില്‍ 100ിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവരാണ് തമിഴ്‌നാടിനെ തകര്‍ത്തത്.

29 റണ്‍സ് നേടിയ തുഷാര്‍ റഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. എന്‍ ജഗദീഷന്‍ (21), രാജ്കുമാര്‍ രവിചന്ദ്രന്‍ (16), അമിത് സാത്വിക് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യന്‍ ടെസ്റ്റ് താരം സായ് സുദര്‍ശന്‍ (8) നിരാശപ്പെടുത്തി. ഷാരുഖ് ഖാന്‍ (2), സായ് കിഷോര്‍ (2), സോനു യാദവ് (3), വരുണ്‍ ചക്രവര്‍ത്തി (0) ടി നടരാജന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗുര്‍ജപ്‌നീത് സിംഗ് (0) പുറത്താവാതെ നിന്നു. നേരത്തെ, ദേവ്ദത്തിന്റെ ഇന്നിംഗ്‌സ് തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത.

ആറ് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ശരത് (53), മായങ്ക് അഗര്‍വാള്‍ (24), കരുണ്‍ നായര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സ്മരണ്‍ രവിചന്ദ്രന്‍ (29 പന്തില്‍ 46) പുറത്താവാതെ നിന്നു.

വൈഭവിന്റെ സെഞ്ചുറിയിലും ബിഹാറിന് തോല്‍വി

മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ബിഹാര്‍ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബിഹാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവന്‍ഷി 61 പന്തില്‍ പുറത്താവാതെ 108 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പൃഥ്വി ഷായാണ് (30 പന്തില്‍ 66) മഹാരാഷ്ട്രയ്ക്ക് വേണ്ടി തിളങ്ങിയത്. നിരജ് ജോഷി (30), നികാം (27) എന്നിവരും തിളങ്ങി. സെഞ്ചുറി നേടിയതോടെ ചില നാഴികക്കല്ലുകളും വൈഭവ് പിന്നിട്ടു. മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിംഗ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

YouTube video player