അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമം തുടങ്ങി. ധോണിയുടെ പകരക്കാരനായി സഞ്ജുവിനെയാണ് ടീം മാനേജ്‌മെന്റ് കാണുന്നത്.
ചെന്നൈ: അടുത്ത സീസണിലെ ഐപിഎല്ലിന് മുന്നോടിയായി വമ്പന്‍ നീക്കത്തിനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ എത്തിക്കാനാണ് സി എസ് കെയുടെ ശ്രമം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത് ക്രിക്കറ്റ് കരിയറിന്റെ അവസാന പടവുകളിലുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനായി. 43കാരനായ ധോണി സിഎസ്‌കെയില്‍ ഇനിയെത്രനാള്‍ ഉണ്ടാവുമെന്ന് വ്യക്തമല്ല. ധോണി ഗ്ലൗസഴിക്കുമ്പോള്‍ പകരക്കാരനാവാന്‍ ഏറ്റവും അനുയോജ്യന്‍ സഞ്ജുവാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.
അടുത്തവര്‍ഷത്തെ താരലേലത്തിന് മുന്‍പുതന്നെ സഞ്ജുവിനെ ടീമിലെത്തിക്കുകയാണ് സിഎസ്‌കെയുടെ ലക്ഷ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഐപിഎല്ലിന് മുമ്പ് സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചേരുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് സഞ്ജുവിന്റെ മാനേജര്‍ ലൈക്ക് ചെയ്തതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായിരുന്നു. ടീം വിടുന്ന കാര്യത്തില്‍ സഞ്ജുവോ രാജസ്ഥാന്‍ റോയല്‍സോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചൂടേറിയ ചര്‍ച്ച നടത്തി പലവാദങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.
അടുത്ത സീസണില്‍ എം എസ് ധോണി ചെന്നൈയെ നയിക്കാനുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തയതില്ല. റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിക്ക് ചെന്നൈയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇങ്ങനെയെങ്കില്‍ താരലേലത്തില്‍ കൊല്‍ക്കത്തയും ചെന്നൈയും സഞ്ജുവിനായി വലിയവിലപേശല്‍ നടത്തേണ്ടിവരും. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു 2021മുതല്‍ ടീമിന്റെ നായകനാണ്.
ഒരു സീസണില്‍ രാജസ്ഥാനെ ഫൈനല്‍ വരെ എത്തിച്ചു. മുപ്പതുകാരനായ സഞ്ജു ഐപിഎല്ലിലെ 177 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 4704 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു ടീം വിടുകയാണെങ്കില്‍ റിയാന്‍ പരാഗ് രജാസ്ഥാന്റെ പുതിയ നായകനായേക്കും. ഈ സീസണില്‍ സഞ്ജു പരിക്കേറ്റ് പുറത്തിരുന്ന മത്സരങ്ങളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കുമൂലം 9 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് രാജസ്ഥാനുവേണ്ടി കളിക്കാനായത്. ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായി കളിച്ചപ്പോള്‍ റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്.



