എല്ലാ ഫോർമാറ്റിലും കളിക്കുന്ന ശുഭ്മാൻ ഗില്ലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി ശാരീരിക അധ്വാനത്തേക്കാൾ മാനസികമായി പൊരുത്തപ്പെടാനുള്ളതാണെന്ന് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര.
കൊല്‍ക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് - ഏകദിന ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പിന്തുണച്ച് മുന്‍ താരം ചേതേശ്വര്‍ പൂജാര. മൂന്ന് ഫോര്‍മാറ്റിലും ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഗില്ലിനെ പിന്തുണച്ച് പൂജാര രംഗത്ത് വന്നത്. എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരമെന്ന നിലയില്‍, തുടകത്തില്‍ പൊരുത്തപ്പെടാനുള്ള കഴിവാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് പൂജാര വ്യക്തമാക്കി.
പൂജാരയുടെ വാക്കുകള്‍... ''ഇപ്പോഴും യുവതാരമായ ശുഭ്മാനെപ്പോലുള്ള ഒരാള്‍ക്ക് വലിയ ശാരീരിക ജോലിഭാരം ഇല്ല. പക്ഷേ മാനസികമായി വെല്ലുവിളി നിറഞ്ഞതായിരിക്കും. അദ്ദേഹം അടുത്തിടെ ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ഏകദിന ടീമിനെ നയിച്ചിരുന്നു. പിന്നീട് ടി20 കളിച്ചു. ഇപ്പോള്‍ പെട്ടെന്ന് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് മാറേണ്ടി വന്നു, ഓസ്ട്രേലിയയിലല്ല, മറിച്ച് ഇന്ത്യയിലാണ്. അവിടെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. വ്യത്യസ്ത ഫോര്‍മാറ്റുകളുമായി എത്രയും വേഗം പൊരുത്തപ്പെടുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.'' പൂജാര പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു.. ''ടെസ്റ്റ് ക്രിക്കറ്റില്‍ സ്വഭാവവും ക്ഷമയും ആവശ്യമാണ്. കൂടാതെ ഫോര്‍മാറ്റിനനുസരിച്ച് നിങ്ങളുടെ ഗെയിം പ്ലാന്‍ മാറ്റുകയും വേണം. അത് വളരെ വേഗത്തില്‍ ചെയ്യുന്നത് ഏതൊരു മുന്‍നിര കളിക്കാരനും എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതാണ്.'' പൂജാര കൂട്ടിചേര്‍ത്തു.
ജോലിഭാരത്തെ കുറിച്ച് ഗില്‍ പറഞ്ഞതിങ്ങനെ... ''ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പ് മുതല്‍ ഞങ്ങള്‍ തുടര്‍ച്ചയായി കളിക്കുകയും വ്യത്യസ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും, നാലഞ്ച് ദിവസത്തിനുള്ളില്‍ ഫോര്‍മാറ്റുകളില്‍ കളിക്കുകയും ചെയ്യുന്നു. കളിക്കുന്ന ഫോര്‍മാറ്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വിജയിക്കാനും എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുന്നു. പക്ഷേ വെല്ലുവിളി തീര്‍ച്ചയായും ശാരീരികത്തേക്കാള്‍ മാനസികമാണ്.'' ഗില്‍ പറഞ്ഞു.



