ദില്ലി: അര്‍ജുന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മയും. ഹോക്കി താരം ദീപിക താക്കൂര്‍, ക്രിക്കറ്റര്‍ ദീപക് ഹൂഡ എന്നിവരടക്കം 29 പേരുടെ പട്ടികയാണ് സെലക്‌ഷന്‍ കമ്മിറ്റി കായിക മന്ത്രാലയത്തിന് കൈമാറിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. 

മുപ്പത്തിയൊന്നുകാരനായ ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ഇന്ത്യക്കായി 97 ടെസ്റ്റുകളും  80 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇതിനകം 400ലേറെ വിക്കറ്റ് ഇശാന്തിന് സ്വന്തമായുണ്ട്. 2007ലായിരുന്നു ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം. 

ഒളിംപിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള സാക്ഷി മാലിക്, ഭാരദ്വേഹന ലോക ചാമ്പ്യന്‍ മീരാഭായ് ചാനു എന്നിവരുടേയും പേര് അര്‍ജുന അവാര്‍ഡിനായി സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്ന മുമ്പ് ലഭിച്ചിട്ടുള്ളതിനാല്‍ ഇരുവരുടെയും കാര്യത്തില്‍ അന്തിമ തീരുമാനം കായിക മന്ത്രി കിരണ്‍ റിജിജു കൈക്കൊള്ളും. സാക്ഷി 2016ലും മീരാഭായ് 2018ലുമാണ് ഖേല്‍രത്ന പുരസ്‌കാരത്തിന് അര്‍ഹരായത്. 

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബാബര്‍ അസമിന് നേട്ടം; ബുമ്രക്ക് തിരിച്ചടി

നിങ്ങള്‍ എല്ലാകാലത്തും ഓര്‍ക്കപ്പെടും; ധോണിയെ കുറിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം