പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച സതാംപ്ടണിൽ തുടങ്ങാനിരിക്കേയാണ് താരത്തിന്‍റെ മടക്കം

ലണ്ടന്‍: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്‌സിന് പിന്നാലെ റിസർവ് താരം ഡാൻ ലോറൻസും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ നിന്നും മടങ്ങി. കുടുംബാംഗത്തിന്‍റെ മരണത്തെ തുടർന്നാണ് ഡാൻ ലോറൻസ് മടങ്ങിയത്. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച സതാംപ്ടണിൽ തുടങ്ങാനിരിക്കേയാണ് താരത്തിന്‍റെ മടക്കം. ലോറൻസിന് പകരം ആരെയും റിസർവിൽ ഉൾപ്പെടുത്തിയിട്ടില്ല. മാഞ്ചസ്റ്ററില്‍ മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്.

കുടുംബ ആവശ്യത്തിനായാണ് സ്റ്റോക്‌സ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ഈ ആഴ്‌ചയ്‌ക്കൊടുവില്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കും. ആദ്യ ടെസ്റ്റില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ 0, 9 എന്നിങ്ങനെയായിരുന്നു സ്റ്റോക്‌സിന്‍റെ സ്‌കോര്‍. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കി ബൗളിംഗില്‍ നിര്‍ണായകമായി. 

അതേസമയം തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് പാകിസ്ഥാൻ മുന്നോട്ട് പോകണമെന്ന് ടീമിന്‍റെ മുഖ്യ കോച്ചും സെലക്ടറുമായ മിസ്‌ബ ഉൾ ഹഖ് പറഞ്ഞു. വിജയം കൈപ്പിടിയിലെത്തിയ ശേഷമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ തോറ്റത്. കുറവുകൾ നികത്തി വലിയ സ്‌കോർ നേടാൻ പ്രാപ്തരാകണമെന്നും യുവ താരങ്ങൾ ഇനിയും പഠിക്കാനുണ്ടെന്നും മിസ്‌ബ വ്യക്തമാക്കി. 

വീണ്ടും റോണോ തരംഗം; യുവന്‍റസിന്‍റെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം

അടങ്ങാത്ത വിക്കറ്റ് ദാഹം; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ആന്‍ഡേഴ്‌സണ്‍