രഞ്ജി ട്രോഫിയിൽ മധ്യ പ്രദേശിനെതിരെ കേരളം ആദ്യ ഇന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. സെഞ്ചുറിക്ക് രണ്ട് റൺസകലെ പുറത്തായ ബാബാ അപരാജിതിൻ്റെ (98) ഇന്നിംഗ്‌സാണ് തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റിയത്. 

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ കേരളം 281ന് പുറത്ത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. മധ്യ പ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച മധ്യ പ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം ലഞ്ചിന് പിരയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തല്‍ എട്ട് എന്ന നിലയിലാണ് ആതിഥേയര്‍. യഷ് ദുബെയുടെ (0) വിക്കറ്റാണ് നഷ്ടമായത്. ഹര്‍ഷ് ഗവാലി (8) ക്രീസിലുണ്ട്. അഭിജിത് പ്രവീണിനാണ് വിക്കറ്റ്.

ഏഴിന് 246 റണ്‍സെന്ന നിലയിലാണ് കേരളം ഇന്ന് ഇറങ്ങിയത്. തലേദിവസത്തെ സ്‌കോറിനോട് റണ്‍സൊന്നും ചേര്‍ക്കാനാവാതെ ശ്രീഹരി എസ് നായര്‍ (7) ആദ്യം മടങ്ങി. പിന്നാലെ സെഞ്ചുറിക്കരികെ അപാരാജിതും പുറത്തായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. നിതീഷ് എം ഡിയാണ് (7) പുറത്തായ മറ്റൊരു താരം. ഏദന്‍ ആപ്പിള്‍ ടോം (9) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ ആറിന് 105 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ അപരാജിതാണ് രക്ഷിച്ചത്.

അരങ്ങേറ്റ മത്സരം കളിക്കുന്ന അഭിഷേക് ജെ നായരും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്. രണ്ടാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന്‍ കൂട്ടുകെട്ടിന് അവസാനമിട്ടു.

മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിന്‍ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിന്‍ തന്നെയാണ് സച്ചിനെയും പുറത്താക്കിയത്. അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മുഹമ്മദ് അര്‍ഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47ഉം അസറുദ്ദീന്‍ 14ഉം അഹ്മദ് ഇമ്രാന്‍ അഞ്ചും റണ്‍സായിരുന്നു നേടിയത്.

തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കരുതലോടെ ബാറ്റു വീശിയ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 42 ഓവര്‍ നീണ്ടു. 60 റണ്‍സെടുത്ത അഭിജിതിനെ പുറത്താക്കി ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടതോടെ ആദ്യദിനം അവസാനിച്ചു. കേരളത്തിന് വേണ്ടി അഭിഷേക് ജെ നായര്‍, അഭിജിത് പ്രവീണ്‍, ശ്രീഹരി എന്നിവര്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു.

YouTube video player