ഏപ്രിലില്‍ വിവാഹിതനാവാന്‍ പോവുന്നതിനാലാണ് ഐപിഎല്ലില്‍ നാലു മത്സരങ്ങളില്‍ മാത്രം കളിക്കുന്നതെന്ന് ഇംഗ്ലിസ് പറഞ്ഞിരുന്നു.
അബുദാബി: ഇന്നലെ അബുദാബിയില്‍ നടന്ന ഐപിഎല്‍ താരലേലം അവസാന റൗണ്ടും കഴിഞ്ഞപ്പോള്‍ ലക്നൗ വിളിച്ചെടുത്തൊരു വിദേശതാരത്തെക്കുറിച്ചായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനായി ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക 8.6 കോടി മുടക്കാന്‍ തയാറായതാണ് ആരാധകരെ അമ്പരപ്പിച്ചത്. 8.6 കോടി ഒരു വിദേശതാരത്തിന് മുടക്കുന്ന വലിയ തുകയൊന്നുമല്ലെങ്കിലും ഇത്തവണ ഐപിഎല്ലില്‍ വെറും നാലു മത്സരങ്ങളില്‍ മാത്രമെ കളിക്കൂ എന്ന് ഇംഗ്ലിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഏപ്രിലില്‍ വിവാഹിതനാവാന്‍ പോവുന്നതിനാലാണ് ഐപിഎല്ലില്‍ നാലു മത്സരങ്ങളില്‍ മാത്രം കളിക്കുന്നതെന്ന് ഇംഗ്ലിസ് പറഞ്ഞിരുന്നു. സാധാരണഗതിയില്‍ ഇത്തരം താരങ്ങളില്‍ ടീമുകള്‍ പൊതുവെ താല്‍പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ താരലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഇംഗ്ലിസിനായി മുന്‍ ടീമായ പഞ്ചാബ് കിംഗ്സ് ആണ് ആദ്യം രംഗത്തത്തിയത്. ലേലത്തിന് മുമ്പ് കൈയൊഴിഞ്ഞ ഇംഗ്ലിസിനെ ലേലത്തില്‍ കുറഞ്ഞ തുകയക്ക് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചാബ്.
എന്നാല്‍ ഇംഗ്ലിസിനായി പഞ്ചാബിനൊപ്പം ലക്നൗവും ശക്തമായി രംഗത്തെത്തിയതോടെ ഓസീസ് താരത്തിന്‍റെ വില ഉയര്‍ന്നു. തുടക്കത്തിലെ നാലു മത്സരങ്ങളില്‍ ഇംഗ്ലിസിന്‍റെ സേവനം ഗുണം ചെയ്യുമെന്ന് കണ്ടാണ് ലക്നൗ ഓസീസ് വിക്കറ്റ് കീപ്പര്‍ക്കായി ശക്തമായി രംഗത്തെത്തിയത്. എന്നാല്‍ ടീമില്‍ ക്യാപ്റ്റൻ റിഷഭ് പന്തും വിദേശ കീപ്പറായി നിക്കോളാസ് പുരാനും വിക്കറ്റ് കാക്കാനുള്ളപ്പോള്‍ ഇംഗ്ലിസിനായി ലക്നൗ ഇത്രയും ഉയര്‍ന്ന തുക മുടക്കിയത് വലിയ മണ്ടത്തരമായിപ്പോയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും ഏയ്ഡന്‍ മാര്‍ക്രവും സ്പിന്നര്‍ വാനിന്ദു ഹസരങ്കയോ പേസര്‍ ആന്‍റിച്ച് നോര്‍ക്യയോ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരിക്കെ ആദ്യ നാലു മത്സരങ്ങളിലെങ്കിലും ജോഷ് ഇംഗ്ലിസിനെ എവിടെ കളിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.


