കൈയിൽ 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈ ഇന്ത്യൻസായിരുന്നു ഗ്രീനിനെ രണ്ട് കോടി രൂപക്ക് ടീമിലെടുക്കാന്‍ ആദ്യം പാഡില്‍ ഉയര്‍ത്തിയത്.

അബുദാബി: ഐപിഎല്‍ താരലേല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കുന്ന വിദേശ താരമെന്ന റെക്കോര്‍ഡ് ഓസ്ട്രേലിയൻ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ സ്വന്തമാക്കിയപ്പോള്‍ അതിന് തുടക്കമിട്ടത് മുംബൈ ഇന്ത്യൻസായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഗ്രീനിനെ സ്വന്തമാക്കാൻ വാശിയോടെ മറ്റ് ടീമുകള്‍ രംഗത്തെത്തുമെന്ന് ഉറപ്പായിരുന്നു.

ഇന്നലെ അബുദാബിയില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തിൽ ലേല നടത്തിപ്പുകാരിയായ മല്ലിക സാഗര്‍ ഒന്നാം സെറ്റിലെ അഞ്ചാം താരമായി ഗ്രീനിന്‍റെ പേരുയര്‍ത്തിയപ്പോള്‍ ആദ്യം നിശബ്ദതയായിരുന്നു. പ്രതികരണങ്ങളൊന്നുമുണ്ടാകാതെ ആദ്യ നിമിഷങ്ങള്‍. എന്നാല്‍ അത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമാണെന്ന് പിന്നീട് വ്യക്തമായി. കൈയിൽ 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈ ഇന്ത്യൻസായിരുന്നു ഗ്രീനിനെ രണ്ട് കോടി രൂപക്ക് ടീമിലെടുക്കാന്‍ ആദ്യം പാഡില്‍ ഉയര്‍ത്തിയത്. പിന്നാലെ കൊല്‍ക്കത്തയും രാജസ്ഥാനും ഗ്രീനിനായി മത്സരിച്ചതോടെ മുംബൈ പിന്‍വാങ്ങി.

എന്നാല്‍ എന്തുകൊണ്ടാണ് വെറും 2.75 കോടി രൂപ കൈയില്‍ വെച്ച് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഗ്രീനിനായി ശ്രമിച്ചതെന്ന ചോദ്യത്തിന് മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനി തന്നെ മറുപടി നല്‍കി. ഗ്രീനിനോടുള്ള ആദരവ് പ്രകടമാക്കാനായി പ്രതീകാത്മകമായിട്ടായിരുന്നു ഗ്രീനിനായി ലേലം വിളിച്ചതെന്ന് ആകാശ് അംബാനി ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഞങ്ങളുടെ പഴ്സില്‍ ഒതുങ്ങുന്ന താരമല്ല കാമറൂണ്‍ ഗ്രീനെന്ന്. പക്ഷെ, ഗ്രീനിനെ ഞങ്ങള്‍ വിലമതിക്കുന്നു എന്നറിയിക്കാനാണ് ആദ്യം ലേലം തുടങ്ങിവെച്ചത്. കാരണം, മുംബൈ ഇന്ത്യൻസിലൂടെയാണ് ഗ്രീന്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. അദ്ദേഹത്തെ ഞങ്ങളിപ്പോഴും വിലമതിക്കുന്നു. അതുകൊണ്ട് തന്നെ എപ്പോഴൊക്കെ ഗ്രീനിന്‍റെ പേര് ലേലത്തില്‍ ഉയരുന്നുവോ അപ്പോഴൊക്കെ അദ്ദേഹത്തിനായി ഞങ്ങള്‍ പാഡില്‍ ഉയര്‍ത്തുമെന്നും ആകാശ് അംബാനി പറഞ്ഞു.

മിനി താരലേലത്തില്‍ മുംബൈ ഇന്ത്യൻസിന് സ്വന്തമാക്കാനായ താരങ്ങളില്‍ ആകാശ് അംബാനി സംതൃപ്തി പ്രകടിപ്പിച്ചു. 19 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തുകയുമായാണ് മുംബൈ ഇത്തവണ ലേലത്തിനെത്തിയത്. ടീമിലെ ഭൂരിഭാഗം താരങ്ങളെയും നിലനിര്‍ത്തിയതിനാല്‍ 2.75 കോടി രൂപ മാത്രമായിരുന്നു മുംബൈയുടെ പഴ്സില്‍ അവശേഷിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക