സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തില്‍ രോഹിത് സിംഗിളെടുത്തപ്പോള്‍ ടിവിയിലും മൊബൈലിലുമെല്ലാം കളി കണ്ട ആരാധകര്‍ ഒന്ന് ഞെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തിന്‍റെ വേഗമായി കാണിച്ചത് 176.5 കിലോ മീറ്റര്‍. അതായത് 109 മൈല്‍ വേഗം.

പെര്‍ത്ത്: ക്രിക്കറ്റില്‍ ഒരുകാലത്ത് പേസ് ബൗളർമാരുടെ പറുദീസയായാണ് ഓസ്ട്രേലിയയിലെ പെര്‍ത്ത് വിലയിരുത്തപ്പെട്ടിരുന്നത്. നവീകരണത്തിനുശേഷം പെര്‍ത്തിലെ ഒപ്ടസ് സ്റ്റേഡിയത്തിലെ പിച്ചുകള്‍ക്ക് പ്രതാപകാലത്തെ വേഗവും ബൗണ്‍സുമൊന്നും ഇല്ലെങ്കിലും നിലവിലുള്ള മറ്റേത് പിച്ചിനെക്കാളും വേഗവും ബൗണ്‍സുമുണ്ടെന്ന് ഇന്ത്യൻ ബാറ്റര്‍മാര്‍ ഇന്ന് തിരിച്ചറിഞ്ഞുകാണും. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് വരച്ചവരയില്‍ നിര്‍ത്തിയപ്പോള്‍ 25 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റും 52 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റും നഷ്ടമായി ഇന്ത്യ തകര്‍ന്നു.

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മുന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയും ചേര്‍ന്നായിരുന്നു ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിനുശേഷം ആദ്യമായിട്ടായിരുന്നു രോഹിത് ഇന്ത്യൻ കുപ്പായത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞശേഷമുള്ള രോഹിത്തിന്‍റെ ആദ്യ ഏകദിനം കൂടിയായിരുന്നു ഇന്നത്തെ മത്സരം. ഓസ്ട്രേലിയക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതാകട്ടെ മിച്ചൽ സ്റ്റാര്‍ക്കും. സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തില്‍ രോഹിത് സിംഗിളെടുത്തപ്പോള്‍ ടിവിയിലും മൊബൈലിലുമെല്ലാം കളി കണ്ട ആരാധകര്‍ ഒന്ന് ഞെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തിന്‍റെ വേഗമായി കാണിച്ചത് 176.5 കിലോ മീറ്റര്‍. അതായത് 109 മൈല്‍ വേഗം.

2003ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റിനെതിരെ 161.3 കിലോ മീറ്റര്‍ വേഗത്തില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഷൊയ്ബ് അക്തറെക്കാള്‍ 14 കിലോ മീറ്ററിലേറെ വേഗം. ഇത് കണ്ട് ആരാധകര്‍ കണ്ണു തള്ളിയെങ്കിലും അത് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഗ്രാഫിക്സ് ടീമിന് പറ്റിയ കൈയബദ്ധമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ തെറ്റ് തിരുത്തിയ ഗ്രാഫിക്സ് ടീം പന്തിന്‍റെ യഥാര്‍ത്ഥ വേഗമായ 140.8 കിലോ മീറ്റര്‍ എന്ന് സ്ക്രീനില്‍ കാണിക്കുകയും ചെയ്തു. ഓസ്ട്രേലിയക്കായി ഡോഷ് ഹേസല്‍വുഡ് പന്തെറിയുമ്പോള്‍ ഹേസല്‍വുഡിന്‍റെ ചിത്രത്തിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ചിത്രം കൊടുത്ത് ഹേസല്‍വുഡ് എന്നെഴുതിയും സ്റ്റാര്‍ സ്പോര്‍ട്സ് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക