സ്റ്റാര്‍ക്കിന്‍റെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഫ്ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്‍റില്‍ കൂപ്പര്‍ കൊണോലി പറന്നുപിടിച്ചു. ഓസ്ട്രേലിയയിൽ കളിച്ച ഏകദിന മത്സരങ്ങളില്‍ വിരാട് കോലിയുടെ ആദ്യ ഡക്കാണിത്.

പെര്‍ത്ത്: ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞ വിരാട് കോലി ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതോടെ തലയിലായത് നാണക്കേടിന്‍റെ റെക്കോര്‍ഡ്. രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ നാലാം ഓവറില്‍ ക്രീസിലെത്തിയ കോലി എട്ടു പന്തുകള്‍ നേരിട്ട് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ പോയന്‍റില്‍ കൂപ്പര്‍ കൊണോലിക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് കോലിക്കുള്ള ബലഹീനത കൃത്യമായി മുതലെടുത്തായിരുന്നു സ്റ്റാര്‍ക്ക് കോലിയെ മടക്കിയത്.

സ്റ്റാര്‍ക്കിന്‍റെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഫ്ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്‍റില്‍ കൂപ്പര്‍ കൊണോലി പറന്നുപിടിച്ചു. ഓസ്ട്രേലിയയിൽ കളിച്ച ഏകദിന മത്സരങ്ങളില്‍ വിരാട് കോലിയുടെ ആദ്യ ഡക്കാണിത്. 2012 ഫെബ്രുവരി അഞ്ചിന് ഓസ്ട്രേലിയയില്‍ കരിയറിലെ ആദ്യ ഏകദിനം കളിച്ച കോലി ഇതുവരെ കളിച്ച 30 ഇന്നിംഗ്സുകളില്‍ ഒരിക്കല്‍ പോലും പൂജ്യത്തിന് പുറത്തായിരുന്നില്ല. ആ റെക്കോര്‍ഡാണ് ഇന്ന് തകര്‍ന്നത്. കരിയറിലാകെ മൂന്നാം തവണ മാത്രമാണ് ഓസ്ട്രേലിയകകെതിരെ ഏകദിനങ്ങളില്‍ കോലി പൂജ്യത്തിന് പുറത്താവുന്നത്. 

Scroll to load tweet…

ഇംഗ്ലണ്ടിനെതിരെ 9 പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായശേഷം പൂജ്യത്തിന് പുറത്താവുന്നതിന് മുമ്പ് കോലി ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട രണ്ടാമത്തെ മത്സരവുമാണിത്. കോലിയെ പൂജ്യത്തിന് പുറത്താക്കിയതോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ കോലിയെ ഒന്നില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താക്കുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് സ്റ്റാര്‍ക്ക്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

Scroll to load tweet…

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമായ കോലിക്ക് ഇന്ന് 54 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഏകദിന റണ്‍വേട്ടയില്‍ കുമാര്‍ സംഗക്കാരയെ മറിടകന്ന് രണ്ടാം സ്ഥാനത്തെത്താന്‍ അവസരമുണ്ടായിരുന്നു. 551 മത്സരങ്ങള്‍ നീണ്ട കോലിയുടെ കരിയറിലെ 39-ാമത്തെ ഡക്കാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ കുറിച്ചത്. ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളില്‍ സഹീര്‍ ഖാനും(44), ഇഷാന്ത് ശര്‍മയും(40) മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക