Asianet News MalayalamAsianet News Malayalam

'അന്ന് മുംബൈയിൽ തുടർന്നിരുന്നെങ്കിൽ'..; കരിയറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങൾ വെളിപ്പെടുത്തി ദിനേശ് കാർത്തിക്

2013ല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീം അംഗമായിരുന്നു കാര്‍ത്തിക്. ആര്‍സിബി വിക്കറ്റ് കീപ്പറുടെ കരിയറിലെ ഏക ഐപിഎല്‍ കിരീടനേട്ടവും ഇത് തന്നെയാണ്.

Dinesh Karthik opens up on the biggest regrets of his cricketing career
Author
First Published Apr 9, 2024, 5:23 PM IST

ബെംഗലൂരൂ: ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കിയ കാര്‍ത്തിക് 247 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 4606 റണ്‍സടിച്ച് എക്കാലത്തെയും റണ്‍വേട്ടക്കാരില്‍ പത്താമതാണ്. രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഐപിഎല്‍ കരിയറിലെ ഏറ്റവും വലിയ ദു:ഖങ്ങളെക്കുറിച്ച് കാര്‍ത്തിക് മനസുതുറന്നത്.

2013ല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീം അംഗമായിരുന്നു കാര്‍ത്തിക്. ആര്‍സിബി വിക്കറ്റ് കീപ്പറുടെ കരിയറിലെ ഏക ഐപിഎല്‍ കിരീടനേട്ടവും ഇത് തന്നെയാണ്. എന്നാല്‍ 2013ല്‍ മുംബൈ ഇന്ത്യൻസില്‍ തുടര്‍ന്നിരുന്നെങ്കില്‍ തന്‍റെ കരിയര്‍ തന്നെ മാറിപ്പോകുമായിരുന്നുവെന്നും അതാണ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ ദു:ഖങ്ങളിലൊന്നെന്നും കാര്‍ത്തിക് പറഞ്ഞു. ജീവിതത്തില്‍ വലിയ ദു:ഖങ്ങളൊന്നും ഇല്ലാത്തയാളാണ് ഞാന്‍. പക്ഷെ ക്രിക്കറ്റില്‍ ഇപ്പോഴും ദു:ഖിക്കുന്ന രണ്ട് കാര്യങ്ങളിലൊന്ന് 2013ല്‍ മുംബൈ ഇന്ത്യന്‍സില്‍ തുടരാന്‍ കഴിയാഞ്ഞതാണ്.

വർഷങ്ങൾക്ക് ശേഷം മുഹമ്മദ് ആമിർ വീണ്ടും പാക് ടീമിൽ, ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

അന്ന് എന്നെ ലേലത്തില്‍ വെക്കാതിരിക്കാന്‍ വേണമെങ്കില്‍ ആവശ്യപ്പെടാമായിരുന്നു. കാരണം, മുംബൈ ഇന്ത്യന്‍സ് ടീം ഉടമകളായ ആനന്ദ്, ആകാശ്, നിത അംബാനിമാരുമായി എനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ആ സമയം രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈയില്‍ തുടര്‍ന്നിരുന്നെങ്കില്‍ അവിടെ നിന്ന് ലഭിക്കുന്ന പിന്തുണയും സൗകര്യങ്ങളും കണക്കിലെടുത്താല്‍ എന്‍റെ കരിയര്‍ തന്നെ മാറിപ്പോകുമായിരുന്നു. എന്നാല്‍ ഞാന്‍ കാരണം ഒരു യുവതാരത്തിന്‍റെ വഴി മുടങ്ങരുതെന്ന് കരുതിയാണ് അന്ന് എന്നെ ലേലത്തില്‍ വെക്കാന്‍ ആവശ്യപ്പെട്ടത്.

2013ലെ സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 510 റണ്‍സടിച്ചശേഷമായിരുന്നു ഞാന്‍ മുംബൈ വിട്ടത്. രോഹിത് ശര്‍മയും റിക്കി പോണ്ടിംഗും(അന്നത്തെ മുംബൈ പരിശീലകന്‍)എല്ലാം അടങ്ങുന്ന മുംബൈക്കൊപ്പം കളി തുടര്‍ന്നിരുന്നെങ്കില്‍ കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഇനിയുമേറെ മെച്ചെപ്പെട്ടേനെ. കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ദു:ഖം ഒരിക്കല്‍ പോലും സ്വന്തം നാട്ടിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തില്‍ കളിക്കാനായില്ല എന്നതാണ്. അതിനുള്ള കാരണം എനിക്ക് മനസിലാവും, പക്ഷെ എന്നാലും ആ ദു:ഖം ഒരിക്കലും മാറില്ല. എനിക്കറിയാം ഓരോ ലേലത്തിലും ചെന്നൈ ടീം എന്നെ സ്വന്തമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. പക്ഷെ അവര്‍ക്കതിന് കഴിഞ്ഞില്ല.

'ടി20 ലോകകപ്പില്‍ അവന്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനാവട്ടെ', മായങ്ക് യാദവിനെക്കുറിച്ച് മുന്‍ സെലക്ടര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകാനായിരുന്നപ്പോള്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് കുല്‍ദീപ് യാദവിനോട് ദേഷ്യപ്പെടേണ്ടിവന്നിട്ടുണ്ടെന്നും എന്നാല്‍ അതൊക്കെ കുല്‍ദീപിനെ കൂടുതല്‍ കരുത്തുള്ളവനും മികച്ചവനും ആക്കിയിട്ടുണ്ടാകുമെന്ന് തനിക്കുറപ്പാണെന്നും കാര്‍ത്തിക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios