വനിതാ ലോകകപ്പിൽ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകേണ്ടതില്ലെന്ന് ബിസിസിഐ ഇന്ത്യൻ ടീമിന് നിർദേശം നൽകി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
മുംബൈ: ഏഷ്യാ കപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ഹസ്തദാനം നല്‍കില്ല. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അറിയിച്ചു. ഞായറാഴ്ച കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ തീരുമാനം. വിവാദങ്ങളില്‍ അല്ല, ക്രിക്കറ്റിലാണ് ശ്രദ്ധയെന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ബിസിസിഐ നിര്‍ദേശം നല്‍കിയത്.
ലോകകപ്പ് ക്യാപ്റ്റന്മാരുടെ സംഗമത്തിലാണ് ഹര്‍മന്‍പ്രീതിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ''വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇത്തരം കാര്യങ്ങളൊന്നും ഡ്രസ്സിംഗ് റൂമില്‍ ചര്‍ച്ച ചെയ്യാറില്ല. സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുന്നത് സവിശേഷമായ അനുഭവമാണ്. ടൂര്‍ണമെന്റ് വേദികളായി തെരഞ്ഞെടുത്ത സ്റ്റേഡിയങ്ങളില്‍ മുന്‍പ് കളിച്ചിട്ടില്ലാത്തത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷ.'' ഹര്‍മന്‍പ്രീത് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ താരങ്ങള്‍ ഹസ്തദാനം ചെയ്തിരുന്നില്ല. ടൂര്‍ണമെന്റില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. മൂന്ന് തവണയും ഇന്ത്യക്ക് തന്നെയായിരുന്നു ജയം. പിന്നീട് ഏഷ്യാ കപ്പ് കിരീടം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കി. നഖ്‌വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് കൂടിയാണ്. മുന്‍ ന്യൂസിലന്‍ഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമണ്‍ ഡൗള്‍ ടീം ഇന്ത്യയുടെ തീരുമാനം ലോകത്തെ അറിയിക്കുകയായിരുന്നു.
കിരീടം നേടിയാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതുതന്നെയാണ് മത്സരത്തിന് ശേഷം സംഭവിച്ചതും.



