ഇന്ത്യൻ താരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍.

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാത്തതിനെത്തുടര്‍ന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. ഐപിഎല്ലില്‍ കളിച്ച് കളിക്കാര്‍ക്ക് ആവശ്യത്തിന് പണമുണ്ടാക്കാമെന്നും പക്ഷെ അത് ഇന്ത്യൻ ക്രിക്കറ്റിനെ മറന്നു കൊണ്ട് ആവരുതെന്നും പ്രവീണ്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിച്ച് ആവശ്യത്തിന് പണുമുണ്ടാക്കാം. അതില്‍ നിങ്ങളെ ആരും തടയില്ല. പക്ഷെ അത് ആഭ്യന്തര ക്രിക്കറ്റിനെയും ഇന്ത്യൻ ടീമിനെയും മറന്നുകൊണ്ടാവരുത്. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് ആവശ്യത്തിന് വിശ്രമമൊക്കെ എടുത്ത് ഐപിഎല്ലില്‍ കളിക്കാമെന്ന് ഞാനായാലും ചിന്തിക്കും. കാരണം, ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന അത്രയും വലിയ തുക നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കില്ലല്ലോ.

കളിക്കളത്തിന് പുറത്ത് ഞങ്ങള്‍ അണ്ണനും തമ്പിയും, പക്ഷെ ഗ്രൗണ്ടില്‍; സഞ്ജുവിനെക്കുറിച്ച് അശ്വിന്‍

ജീവിതത്തില്‍ പണം ആവശ്യമാണ്. പക്ഷെ അതിനുവേണ്ടി ഐപിഎല്ലിന് മുന്‍ഗണന കൊടുത്ത് ആഭ്യന്തര ക്രിക്കറ്റിനെയും ദേശീയ ടീമിനെയും മറക്കുന്നത് തെറ്റാണെന്നും രണ്ടും തമ്മിലൊരു സന്തുലനം വേണമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ഇന്ത്യൻ ടീം വിട്ട കിഷന്‍ പിന്നീട് ബിസിസിഐയും ഇന്ത്യൻ ടീം മാനേജമെന്‍റും നിരന്തരം ആവശ്യപ്പെട്ടിട്ടും ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറായില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം പുറംവേദനയുണ്ടെന്ന് പറഞ്ഞ് ടീമില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യരും മുംബൈക്കായി രഞ്ജി ക്വാര്‍ട്ടറില്‍ കളിക്കാന്‍ തയാറായിരുന്നില്ല. പിന്നാലെയാണ് ഇരുവരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കിയത്. ഇതിന് പിന്നാലെ രഞ്ജി ട്രോഫി സെമിയില്‍ മുംബൈക്കായി കളിക്കാന്‍ ശ്രേയസ് തയാറായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക