Asianet News MalayalamAsianet News Malayalam

നിറയെ സര്‍പ്രൈസ്, 4 സ്‌‌പിന്നര്‍മാര്‍, 3 അരങ്ങേറ്റം! ഇന്ത്യക്കെതിരെ ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യയില്‍ വച്ച് നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് സ്‌പിന്നര്‍മാരില്ലാതെ പച്ച പിടിക്കാനാവില്ല എന്ന കണക്കുകൂട്ടലിനാണ് ഇംഗ്ലണ്ട്

ECB announces England squad for Test series against India Chris Woakes dropped and four spinners three debutants included
Author
First Published Dec 12, 2023, 9:25 AM IST

ലണ്ടന്‍: ടീം ഇന്ത്യക്കെതിരെ 2024ന്‍റെ തുടക്കത്തില്‍ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് സര്‍പ്രൈസ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാല് സ്‌പിന്നര്‍മാരെ കുത്തിനിറച്ച് 16 അംഗ സ്‌ക്വാഡാണ് ഇംഗ്ലീഷ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പുതുമുഖ താരങ്ങള്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫിറ്റ്‌നസ് ആശങ്കകളുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തന്നെയാണ് ടീം നായകന്‍. പരിക്ക് മാറി ജാക്ക് ലീച്ചും ഓലീ പോപു സ്‌ക്വാഡിലെക്ക് മടങ്ങിയെത്തി. 

ഇന്ത്യയില്‍ വച്ച് നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് സ്‌പിന്നര്‍മാരില്ലാതെ പച്ച പിടിക്കാനാവില്ല എന്ന കണക്കുകൂട്ടലിനാണ് ഇംഗ്ലീഷ് ടീം പ്രഖ്യാപനം. പേസര്‍ ഗസ് അറ്റ്‌കിന്‍സണും സ്‌പിന്നര്‍മാരായ ടോം ഹാര്‍ട്‌ലിയും ഷൊയൈബ് ബഷീറുമാണ് ടീമിലെ പുതുമുഖങ്ങള്‍. സ്‌പിന്‍ വിഭാഗത്തിലാണ് ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടംകൈയന്‍ സ്‌പിന്നര്‍ ജാക്ക് ലീച്ച്, അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലി, സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയ പത്തൊൻപതുകാരൻ ലെഗ് സ്‌പിന്നർ റെഹാന്‍ അഹമ്മദ്, വലംകൈയന്‍ ഓഫ്‌സ്പിന്നറായ 20കാരന്‍ ഷൊയൈബ് ബഷീര്‍ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാര്‍. ഇന്ത്യക്കെതിരെ തിളങ്ങിയിട്ടുള്ള മുന്‍ നായകന്‍ ജോ റൂട്ടും സ്‌പിന്‍ ഓപ്ഷനാണ്. യുഎഇയില്‍ കഴിഞ്ഞ മാസം പരിശീലനം നടത്തിയ ഇംഗ്ലണ്ട് ലയണ്‍സ് സ്ക്വാഡില്‍ അംഗങ്ങളാണ് ഹാര്‍ട്‌ലിയും ബഷീറും. ആഭ്യന്തര ക്രിക്കറ്റിലെ അടുത്തിടെ കാഴ്‌ചവെച്ച മികവ് ഇരുവര്‍ക്കും ടീമിലേക്ക് വഴികാട്ടിയായി. 

വെറ്ററന്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക് വുഡ്, ഓലീ റോബിന്‍സണ്‍, ഗസ് അറ്റ്‌കിന്‍സണ്‍ എന്നീ നാല് പേസര്‍മാര്‍ മാത്രമേ സ്‌ക്വാഡിലുള്ളൂ. ആഷസില്‍ കളിച്ച ക്രിസ് വോക്‌സിനെ ഇന്ത്യന്‍ പര്യടനത്തിനായി പരിഗണിച്ചിട്ടില്ല. കഴിഞ്ഞ മാസം കാലിലെ ശസ്‌ത്രക്രിയക്ക് വിധേയനായ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പന്തെറിയുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ആഷസിലില്ലാതിരുന്ന വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് ടീമിലേക്ക് മടങ്ങിയെത്തി. വെടിക്കെട്ട് ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് തുടങ്ങുക. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടും 15ന് രാജ്‌കോട്ടില്‍ മൂന്നും 23ന് റാഞ്ചിയില്‍ നാലും മാര്‍ച്ച് ഏഴിന് ധരംശാലയില്‍ അഞ്ചും ടെസ്റ്റ് തുടങ്ങും. 
 
ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്‌കിന്‍സണ്‍, ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ഷൊയൈബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഓലീ പോപ്, ഓലീ റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്. 

Read more: ഐപിഎല്‍ താരലേലം: 333 കളിക്കാരുടെ പട്ടികയായി; ഹോട്ട്‌സീറ്റില്‍ രച്ചിൻ, ഹെഡ്, സ്റ്റാര്‍ക്ക്! മറ്റ് പുലികളാര്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios