ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം
ലോര്‍ഡ്‌സ്: ഫോമില്ലായ്‌മയില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന വിരാട് കോലിയെ(Virat Kohli) വീണ്ടും പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(Rohit Sharma). ഏറെക്കാലമായി കളിക്കുന്ന, ഏറെ മത്സരങ്ങള്‍ ഇന്ത്യയെ ജയിപ്പിച്ചിട്ടുള്ള ഇതിഹാസ ബാറ്ററായ കോലിയെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്ന് രോഹിത് തുറന്നടിച്ചു. കോലിയുടെ കാര്യം എന്തിനാണ് ചര്‍ച്ച ചെയ്യുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല എന്നായിരുന്നു ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രോഹിത്തിന്‍റെ മറുപടി. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇത് രണ്ടാംതവണയാണ് കോലിക്ക് പിന്തുണയുമായി ഹിറ്റ്‌മാന്‍റെ രംഗപ്രവേശം.
'കഴിഞ്ഞ വാര്‍ത്താസമ്മേളനത്തിലും ഞാന്‍ പറഞ്ഞിരുന്നു. ഏതൊരു ക്രിക്കറ്ററുടെ കരിയറിലും ഉയർച്ച താഴ്ചകളുണ്ടാകും. അത് കരിയറിന്‍റെ ഭാഗമാണ്. ഏറെക്കാലം ടീം ഇന്ത്യക്കായി കളിച്ച അദ്ദേഹത്തെ പോലൊരു താരത്തിന്, ഏറെ റണ്‍സ് കണ്ടെത്തിയ ഒരാള്‍ക്ക്, ഏറെ മത്സരങ്ങള്‍ ജയിപ്പിച്ച ഒരാള്‍ക്ക് ഒന്നോ രണ്ടോ ഇന്നിംഗ്സ് മാത്രം മതി ഫോമിലേക്ക് മടങ്ങിയെത്താന്‍. കോലിയെ കുറിച്ച് ഞാന്‍ കാണുന്നത് ഇതാണ്. ക്രിക്കറ്റ് പിന്തുടരുന്ന എല്ലാവര്‍ക്കും സമാന ചിന്തയായിരിക്കും എന്ന് എനിക്കുറപ്പുണ്ട്' എന്നും രോഹിത് ശര്‍മ്മ ലോര്‍ഡ്‌സ് ഏകദിനത്തിന് ശേഷം പറഞ്ഞു. കോലിയെ ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന മുറവിളിക്കിടെയാണ് ഹിറ്റ്‌മാന്‍റെ പ്രതികരണം.
ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ കോലി 16 റൺസിന് പുറത്തായി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെയാണ് 16 റൺസെടുത്തത്. മികച്ച ടച്ച് തുടക്കത്തിലെ കാഴ്ചവെച്ച കോലിയില്‍ നിന്ന് വലിയ ഇന്നിംഗ്സാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ നിരാശയായി ഫലം. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ കോലിക്ക് പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ കൈയിലൊതുക്കുകയായിരുന്നു.
ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. ഇതിന് പിന്നാലെ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കോലിയെ ഒഴിവാക്കിയിട്ടുണ്ട്.
Virat Kohli : 'ഈ കാലവും കടന്നുപോകും'; കോലിയെ പിന്തുണച്ച് ബാബർ അസം, കയ്യടിച്ച് ക്രിക്കറ്റ് ലോകം
