ഓള്‍ ട്രാഫോര്‍ഡില്‍ ടോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം.

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായത ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം. ഇതുവരെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മത്സരങ്ങളില്‍ മൂന്ന് തവണ ടോസ് നേടിയ ടീം തോറ്റപ്പോള്‍ എട്ട് തവണ മത്സരം സമനിലയായി. അതേസമയം മാഞ്ചസ്റ്ററില്‍ ആദ്യ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങുന്നത്. പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ലോര്‍ഡ്സ് ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും പരിക്കുള്ള ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. 

പേസര്‍ ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനിലുണ്ട്. സ്പിന്നര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. കൈവിരലിനേറ്റ പരിക്ക് ഭേദമായ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായതോടെ ധ്രുവ് ജുറെലിന് ടീമിലെത്താനുള്ള സാധ്യത അവസാനിച്ചു. കരുണ്‍ നായര്‍ക്ക് പകരം മൂന്നാം നമ്പറിലാവും സായ് സുദര്‍ശന്‍ ബാറ്റിംഗിന് എത്തുക. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നുവെന്നതും മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്ത കാറ്റും പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.

Scroll to load tweet…

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദ്ദുൽ താക്കൂർ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക