2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ വിജയം ആഘോഷിക്കാൻ റോഡ് ഷോ ഇല്ലായിരുന്നു. അതുകൊണ്ട് മുമ്പും ഇപ്പോഴും ഭാവിയിലും എന്‍റെ നിലപാട് ഇത് തന്നൊയായിരിക്കും.
മുംബൈ: ടീമുകളുടെ വിജയാഘോഷത്തിന് റോഡ് ഷോകളുടെ ആവശ്യമില്ലെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീർ. ആഘോഷത്തേക്കാളും ജനങ്ങളുടെ ജീവിതമാണ് പ്രധാനമെന്നും മുൻപും ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീർ പറഞ്ഞു. ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ പശ്ചാത്തലത്തിലാണ് ഗംഭീറിന്‍റെ പ്രതികരണം.
ടീമുകളുടെ വിജയഘോഷത്തിന് റോഡ് ഷോ ആവശ്യമില്ലെന്ന നിലപാട് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. കളിക്കാരനായിരുന്നപ്പോഴും ഞാനിത്തരം റോഡ് ഷോകള്‍ക്ക് എതിരായിരുന്നു. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ വിജയം ആഘോഷിക്കാൻ റോഡ് ഷോ ഇല്ലായിരുന്നു. അതുകൊണ്ട് മുമ്പും ഇപ്പോഴും ഭാവിയിലും എന്‍റെ നിലപാട് ഇത് തന്നൊയായിരിക്കും. കാരണം വിജയം പ്രധാനമാണ്, ആഘോഷവും പ്രധാനമാണ്, പക്ഷെ അതിനെക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവിതമാണ്.
ഇത്തരം റോഡ് ഷോകള്‍ നടത്തുന്നതിന് മുമ്പ് അക്കാര്യത്തെക്കുറിച്ചുകൂടി ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. വേണ്ട തയാറെടുപ്പുകളോ മുന്‍കരുതലുകളോ നടത്താതെ ഇത്തരം റോഡ് ഷോകള്‍ നടത്തരുത്. ഒരു സ്റ്റേഡിയത്തിലോ അടച്ചിട്ട പ്രദേശത്തോ വിജയാഘോഷങ്ങള്‍ ഒതുക്കുന്നതായിരിക്കും അഭികാമ്യം. ബെംഗളൂരുവില്‍ സംഭവിച്ചത് ദാരുണമായ സംഭവമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. കാരണം ഇതിന് നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. നമ്മളെല്ലാം ഉത്തരവാദപ്പെട്ട പൗരന്‍മാരാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ഗംഭീര്‍ പറഞ്ഞു.
അതിനിടെ ആര്‍സിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍സിബി കെയര്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


