Asianet News Malayalam

'യുവതാരങ്ങള്‍ അനുകരിക്കില്ലെന്ന് പ്രതീക്ഷ'; നിയന്ത്രണം വിട്ട ഷാക്കിബിനെ നിര്‍ത്തിപ്പൊരിച്ച് സ്‌തലേക്കര്‍

നോണ്‍സ്‌ട്രൈക്ക് അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞതാണ് ഒരു സംഭവം. ഇതില്‍ വലിയ വിമര്‍ശനമാണ് ഷാക്കിബിന് നേരെയുണ്ടായത്.  

Former cricketer Lisa Sthalekar slams Shakib Al Hasan for poor behaviour
Author
Dhaka, First Published Jun 12, 2021, 3:27 PM IST
  • Facebook
  • Twitter
  • Whatsapp

ധാക്ക: അംപയറോട് അരിശംപൂണ്ട് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ബെയ്‌ല്‍സ് ചവിട്ടിത്തെറിപ്പിച്ചതും സ്റ്റംപ് പിഴുതെറിഞ്ഞതും വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഷാക്കിബ് മാപ്പ് പറഞ്ഞെങ്കിലും നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ലിസ സ്‌തലേക്കര്‍. യുവ ബംഗ്ലാ താരങ്ങള്‍ ഷാക്കിബിന്‍റെ ശൈലി പിന്തുടരില്ല എന്ന് കരുതുന്നതായി സ്‌തലേക്കര്‍ പ്രതികരിച്ചു. 

സ്‌തലേക്കറുടേത് രൂക്ഷ വിമര്‍ശനം

'ഈ മോശം ഉദാഹരണം യുവ താരങ്ങള്‍, പ്രത്യേകിച്ച് ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പിന്തുടരില്ല എന്ന് കരുതുന്നു. ആദ്യം ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ചു. ഇപ്പോള്‍  മോശം പെരുമാറ്റവും. ഇത്തരത്തിലുള്ള താരങ്ങളെ ക്രിക്കറ്റിന് ആവശ്യമുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു ലിസ സ്‌തലേക്കറുടെ ട്വീറ്റ്. 

ഷാക്കിബ് കാട്ടിക്കൂട്ടിയത് എന്ത്? 

ധാക്കാ പ്രീമിയര്‍ ലീഗിനിടെയാണ് നിയന്ത്രണം വിട്ട് ഷാക്കിബ് പെരുമാറിയത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തില്‍ എല്‍ബി അംപയര്‍ അനുവദിക്കാതിരുന്നതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. അബഹാനി താരം മുഷ്ഫിഖുര്‍ റഹീമിന്‍റെ വിക്കറ്റിനായി ഷാക്കിബ് ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഗൗനിച്ചില്ല. ഇതോടെ നോണ്‍സ്‌ട്രൈക്കിംഗ് എൻഡിലെ ബെയ്‌ല്‍സ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഷാക്കിബ് അംപയറോട് ചൂടായി. 

നാടകീയത അവിടംകൊണ്ട് അവസാനിച്ചില്ല. മത്സരത്തിനിടെ ഒരിക്കല്‍ കൂടി ഷാക്കിബ് നിയന്ത്രണം വിട്ടു. അബഹാനി ലിമിറ്റഡ് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു. എന്നാല്‍ നോണ്‍സ്‌ട്രൈക്ക് അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഷാക്കിബിന് നേരെയുണ്ടായത്. 

മാപ്പ് ചോദിച്ച് ഷാക്കിബ്

സംഭവത്തിന് പിന്നാലെ ഷാക്കിബ് ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. 'മത്സരത്തിനിടെ നിയന്ത്രണം വിട്ടതിനും മത്സരം തടസപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നു. ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല ഇത്. എന്നാല്‍ ചിലപ്പോള്‍ നിര്‍ഭാഗ്യവശാല്‍ സംഭവിക്കുന്നു. ടീമുകളോടും മാനേജ്‌മെന്‍റിനോടും ടൂര്‍ണമെന്‍റിന്‍റെ ഒഫീഷ്യല്‍സിനോടും സംഘാടകരോടും ഈ മാനുഷികമായ തെറ്റിന് ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഇത്തരമൊരു വീഴ്‌ച ആവര്‍ത്തിക്കില്ല' എന്നും ഷാക്കിബ് ഫേസ്‌ബുക്കിൽ കുറിച്ചു.

മുമ്പും വീഴ്‌ച, വിലക്ക്

ക്രിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസന്‍ പുലിവാല്‍ പിടിക്കുന്നത് ഇതാദ്യമല്ല. വാതുവയ്‌പുകാര്‍ സമീപിച്ച വിവരം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കാതിരുന്നതിന് ഷാക്കിബ് അല്‍ ഹസനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍ കുറ്റം സമ്മതിച്ചതിനാലും ഐസിസിയുടെ അന്വേഷണവുമായി സഹകരിച്ചതിനാലും വിലക്ക് ഒരു വര്‍ഷമായി കുറച്ചു. ഇതോടെ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഷാക്കിബ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. 

അമ്പയറോട് കയർത്ത് സ്റ്റംപ് ചവിട്ടിത്തെറിപ്പിച്ച സംഭവം, ഷാക്കിബിനെ വില്ലനാക്കുന്നുവെന്ന് ഭാര്യ

അംപയറോട് കയർത്തു, തീര്‍ന്നില്ല, അരിശം തീര്‍ക്കാന്‍ സ്റ്റംപ് പിഴുതെറിഞ്ഞു; ഷാക്കിബ് വിവാദത്തില്‍- വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios