ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായിരുന്ന 46കാരനായ മന്‍ഹാസ് നിലവില്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭരണത്തിനായി ബിസിസിഐ നിയോഗിച്ച സബ് കമ്മിറ്റി അംഗമാണ്.

മുംബൈ: ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റ് ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമമായി. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോള്‍ ഒരേയൊരു അപേക്ഷ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും മുന്‍ താരമായ മിഥുന്‍ മൻഹാസ് മാത്രമാണ് ബിസിസിഐ പ്രസഡിന്‍റ് സ്ഥാനത്തേക്ക് അപേക്ഷിച്ചതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഥുന്‍ മന്‍ഹാസ് ബിസിസിഐ ആസ്ഥാനത്തെത്തി നാനമിര്‍ദേശ പത്രിക സമര്‍പ്പിച്ച് മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎൻഐ പുറത്തുവിട്ടിരുന്നു.

ഈ മാസം 28ന് ചേരുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലായിരിക്കും മിഥുന്‍ മന്‍ഹാസിന്‍റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. റോജര്‍ ബിന്നിയുടെ പകരക്കാരനായാണ് ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ തലപ്പേത്തേക്ക് കടന്നുവരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായിരുന്ന 46കാരനായ മന്‍ഹാസ് നിലവില്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭരണത്തിനായി ബിസിസിഐ നിയോഗിച്ച സബ് കമ്മിറ്റി അംഗമാണ്. കശ്മീരില്‍ ജനിച്ച മന്‍ഹാസ് കരിയറില്‍ കളിച്ചത് ഡല്‍ഹിക്കുവേണ്ടിയാണെങ്കിലും 2016ല്‍ വിരമിക്കും മുമ്പ് അവസാന സീസണില്‍ ജമ്മു കശ്മീരിനായി കളിച്ചിരുന്നു. 

Scroll to load tweet…

വിരമിച്ചശേഷം ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായും ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്, ആര്‍സിബി, ഗുജറാത്ത് ടൈറ്റൻസ് ടീമുകളുടെ ഭാഗമായും പ്രവര്‍ത്തിച്ചു. 1997-98 മുതല്‍ 2016-2017 വരെ ആഭ്യന്തര ക്രിക്കറ്റില്‍ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച മന്‍ഹാസ് 9714 റണ്‍സ് നേടി. 130 ലിസ്റ്റ് എ മത്സരങ്ങളില്‍ 4126 റണ്‍സും 91 ടി20 മത്സരങ്ങളില്‍ 1170 റണ്‍സും നേടിയെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യക്കായി കളിക്കാനായില്ല.

YouTube video player

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ഇന്നലെ രാത്രി ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തിലാണ് മിഥുന്‍ മന്‍ഹാസിനെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനമായത്. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, രാജീവ് ശുക്ല, ദേവ്ജിത് സൈക്കിയ, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രോഹന്‍ ജെയ്റ്റ്‌ലി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രാജീവ് ശുക്ല വൈസ്പ്രസിഡന്‍റും, അസം സ്വദേശി ദേവജിത് സൈക്കിയ സെക്രട്ടറിയും ആയി തുടരുമ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള ഇന്ത്യന്‍ മുന്‍ താരം രഘുറാം ഭട്ട് പുതിയ ട്രഷററാകുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക