ഐസിസി ടൂര്‍ണമെന്റുകളില്‍ സാമ്പത്തിക ലാഭത്തിനായി ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തുന്നതിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക് അതേര്‍ട്ടര്‍. 

ലണ്ടന്‍: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരക്രമത്തിലെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക് അതേര്‍ട്ടര്‍. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ആളിക്കത്തിക്കുന്ന വിധം മത്സരക്രമം തയ്യാറാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതേര്‍ട്ടന്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍, ഫൈനലില്‍ ഉള്‍പ്പടെ ഇന്ത്യയും പാകിസ്ഥാനും മൂന്നുതവണ ഏറ്റുമുട്ടിയതിന്റെയും മത്സരങ്ങള്‍ക്കിടെ ഉണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അതേര്‍ട്ടന്റെ പ്രതികരണം.

2013 മുതല്‍ എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം തുടക്കത്തില്‍ തന്നെ അനിവാര്യമാണ് എന്ന തരത്തിലാണ് ഐസിസി മത്സരക്രമം തയ്യാറാക്കുന്നത്. ക്രിക്കറ്റിലൂടെ സമാധാനവും സന്തോഷവുമാണ് ഉണ്ടാകേണ്ടത്. ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങള്‍ ഇപ്പോള്‍ സംഘര്‍ഷത്തിനുള്ള ഉപാധിയായി മാറുകയാണ്. ഇതിന് ഐസിസിക്കും ഉത്തരവാദിത്തമുണ്ട്. സാന്പത്തിക ലാഭത്തിനായി നടത്തുന്ന ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കണം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റമുട്ടുന്ന തരത്തില്‍ മത്സരക്രമം തയ്യാറാക്കരുതെന്നും അതേര്‍ട്ടന്‍ ആവശ്യപ്പെട്ടു.

ഏഷ്യാ കപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് ശേഷം കടുത്ത വിവാദങ്ങളുണ്ടായിരുന്നു. ഇന്ത്യ ജയിച്ചെങ്കിലും കിരീടം ഏറ്റുവാങ്ങിയിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കി. നഖ്‌വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് കൂടിയാണ്.

നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

YouTube video player