ലോകകപ്പ് വരെ സഞ്ജുവിനെ ഒരേ ബാറ്റിംഗ് പൊസിഷനില്‍ കളിപ്പിക്കണമെന്നും ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റാതെ തന്നെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിംഗ് ബാറ്റിംഗ് സ്ഥാനം നഷ്ടമായത്. മധ്യനിരയിലേക്ക് മാറ്റപ്പെട്ട അദ്ദേഹം 2025 ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
ഇതിനിടെയാണ് സഞ്ജുവിനെ കുറിച്ച് അഭിഷേക് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജുവിനെ നോക്കൂ, മധ്യനിരയില്‍ കളിപ്പിക്കാന്‍ അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് ലോകകപ്പ് വരെ സഞ്ജുവിനെ ഒരേ ബാറ്റിംഗ് പൊസിഷനില്‍ തന്നെ കളിപ്പിക്കണം. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ സഞജുവിന് തിളങ്ങാന്‍ കഴിയും. ബൗണ്‍സി വിക്കറ്റുകളില്‍ പുള്‍, കട്ട് ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു ഇഷ്ടപ്പെടുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ഗെയിമിന് അനുയോജ്യമാകും. സഞ്ജു ഒരു നീണ്ട കാലം ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്നു.'' അദ്ദേഹം പറഞ്ഞു.
മധ്യനിരയിലെ പുതിയ റോളുമായി പൊരുത്തപ്പെട്ട സഞ്ജു, കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി ചില നിര്‍ണായക ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നു. സമ്മര്‍ദ്ദത്തിനിടയിലും ഫൈനലില്‍ പാകിസ്ഥാനെതിരെ നേടിയ 24 റണ്‍സ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക സംഭാവന നല്‍കി. നേരത്തെ, ഒരു ഓപ്പണര്‍ എന്ന നിലയില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ടി20യില്‍ ഏകദേശം 26 ശരാശരിയുള്ള സഞ്ജു 42 ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടി. മൂന്നും ഓപ്പണറായി തന്നെയായിരുന്നു.
ഓപ്പണര്‍ എന്ന നിലയില്‍ സഞ്ജുവിന് 39.38 ശരാശരിയും 182.20 സ്‌ട്രൈക്ക് റേറ്റുമുണ്ട്. നിലവില്‍ സാംസണ്‍ ബാറ്റ് ചെയ്യുന്ന നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും അദ്ദേഹത്തിന്റെ ശരാശരി 24 റണ്‍സില്‍ താഴെയാണ്. നാളെ കാന്‍ബറയിലാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്.

