വൈറ്റ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് പന്തിന് പൂര്‍ണമായ ധാരണയില്ലെന്നും തന്റെ കരുത്ത് പന്ത് മറന്നുപോയെന്നും ബംഗാര്‍ പറഞ്ഞു.
മുംബൈ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 9 മത്സരങ്ങളില്‍ നിന്ന് 128 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. 129 പന്തുകള്‍ അദ്ദേഹം നേരിട്ടു. 27 കോടിക്കാണ് താരത്തെ ലക്‌നൗ ടീമിലെത്തിച്ചത്. എന്നാല്‍ പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പന്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പന്തിന്റെ മോശം പ്രകടനം ലക്‌നൗവിനെ ബാധിച്ചിട്ടുമുണ്ട്. കാരണം അവരുടെ ടോപ്പ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത മത്സരങ്ങളില്‍ ടീമിന് വിജയിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ പന്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍. പന്ത് ആശയക്കുഴപ്പത്തിലാണെന്നും തന്റെ കരുത്ത് പന്ത് മറന്നുപോയെന്നും ബംഗാര്‍ പറഞ്ഞു. ബംഗാറിന്റെ വാക്കുകള്‍... ''വൈറ്റ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് അദ്ദേഹത്തിന് ഇതുവരെ പൂര്‍ണമായ ധാരണയില്ലെന്ന് വേണം മനസിലാക്കാന്‍. ഏകദിന - ടി20 ഫോര്‍മാറ്റുകളിലും അങ്ങനെ തന്നെ. ഒരു മികച്ച ടെസ്റ്റ് മാച്ച് ബാറ്ററാണ് അദ്ദേഹത്തമെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, വിക്കറ്റിന് പിന്നില്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചുകൊണ്ട് അദ്ദേഹം നിരവധി തവണ പുറത്തായിട്ടുണ്ട്.'' ബംഗാര്‍ പറഞ്ഞു.
ബംഗാര്‍ തുടര്‍ന്നു... ''നമുക്ക് പന്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകള്‍ പരിശോധിക്കാം. അദ്ദേഹം ഗ്രൗണ്ടിന്റെ ഏത് ഭാഗത്താണ് ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചതെന്ന് നോക്കൂ. കവറുകളിലൂടെ ഡ്രൈവ് ചെയ്യുക, ക്രീസില്‍ നിന്നിറങ്ങി സൈറ്റ്സ്‌ക്രീനില്‍ അടിക്കാന്‍ ശ്രമിക്കുക, അതുമല്ലെങ്കില്‍ മിഡ്വിക്കറ്റിന് മുകളിലൂടെ കളിക്കുക... എന്നിങ്ങനെയൊക്കെയാണ് അദ്ദേഹം റണ്‍സ് കണ്ടെത്തിയിരുന്നത്. പക്ഷേ ഇപ്പോള്‍ പന്ത് റിവേഴ്സ് സ്വീപ്പുകള്‍ അല്ലെങ്കില്‍ വിക്കറ്റിന് പിന്നിലേക്കോ കളിക്കാന്‍ ശ്രമിക്കുന്നു. അത്തത്തില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും പുറത്താവുന്നത് കാണാം. ഒരു ബാറ്റര്‍ എന്ന നിലയില്‍ ഇപ്പോള്‍ അദ്ദേഹം ആശയക്കുഴപ്പത്തില്‍ ആയിരിക്കാം. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹം മറന്നുപോയിരിക്കാം.'' ബംഗാര്‍ പറഞ്ഞു.
ഇതേ കാര്യം മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും മുമ്പ് രേഖപ്പെടുത്തിയിരുന്നു. ''റിഷഭ് പന്തിലെ ബാറ്റ്‌സ്മാന്‍ ആശയക്കുഴപ്പത്തിലാണ്. തന്റെ റോള്‍ എന്താണെന്ന് അദ്ദേഹത്തിന് ഒരു ധാരണയുമില്ല. വ്യക്തതയുടെ ഗുരുതരമായ അഭാവമുണ്ട്. 2024ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോള്‍ അദ്ദേഹം മൂന്നാം സ്ഥാനത്താണ് കളിച്ചത്. അതാണ് പന്തിന് പറ്റിയ ബാറ്റിംഗ് പൊസിഷനും.'' ഉത്തപ്പ പറഞ്ഞു.



