ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ 40-ാം ഓവറില്‍ 91 പന്തിലാണ് കോലി ഏകദിനങ്ങളിലെ 54-ാം സെഞ്ചുറി തികച്ചത്. പതിവുപോലെയുള്ള ആവേശപ്രകടനങ്ങളൊന്നുമില്ലാതെയായിരുന്നു കോലിയുടെ സെഞ്ചുറി ആഘോഷം.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടെങ്കിലും സെഞ്ചുറിയുമായി പൊരുതിയ വിരാട് കോലിയെ അഭിനന്ദിച്ച് ആരാധകര്‍. വിരാട് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ കോച്ച് ഗൗതം ഗംഭീര്‍ ഡഗ് ഔട്ടില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചതും ആരാധകര്‍ ചൂണ്ടിക്കാട്ടി. ഐസിസി ഏകദിന റാങ്കിംഗില്‍ കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന് പിന്നാലെയായിരുന്നു സെഞ്ചുറിയുമായി വീണ്ടും തിളങ്ങിയത്. ഇതോടെ ന്യൂസിലന്‍ഡിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ച ബാറ്ററെന്ന റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡും കോലി തകര്‍ത്തിരുന്നു.
ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ 40-ാം ഓവറില്‍ 91 പന്തിലാണ് കോലി ഏകദിനങ്ങളിലെ 54-ാം സെഞ്ചുറി തികച്ചത്. പതിവുപോലെയുള്ള ആവേശപ്രകടനങ്ങളൊന്നുമില്ലാതെയായിരുന്നു കോലിയുടെ സെഞ്ചുറി ആഘോഷം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിന് ഏറെ അകലെയായിരുന്നു അപ്പോഴും ഇന്ത്യ.
കോലിയുടെ സെഞ്ചുറിക്ക് സഹതാരങ്ങള്‍ക്കൊപ്പം കോച്ച് ഗൗതം ഗംഭീറും എഴുന്നേറ്റുനിന്ന് കൈയടിച്ചത് കൗതുകക്കാഴ്ചയായി. കോലിയുടെയും രോഹിത്തിന്‍റെയും ടെസ്റ്റ് വിരമിക്കലിന് പിന്നില്‍ ഗംഭീറാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന കോലിയെയും രോഹിത്തിനെയും ഗംഭീര്‍ പരമാവധി ഒഴിവാക്കാന്‍ നോക്കുന്നുവെന്നും ഇരുവരുടെയും ആരാധകര്‍ വിശ്വസിക്കുന്നു. എന്നാല്‍ മിന്നും പ്രകടനത്തോടെ 2027ലെ ഏകദിന ലോകകപ്പിലെ സ്ഥാനം കോലി ഉറപ്പിച്ചുവെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.


