ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററാണ് സാള്‍ട്ട്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കിയ ഫില്‍ സാള്‍ട്ട് 12 മത്സരങ്ങളില്‍ സാള്‍ട്ട് 175.90 സ്ട്രൈക്ക് റേറ്റിലും 35.18 പ്രഹരശേഷിയിലും 387 റണ്‍സാണ് അടിച്ചെടുത്തത്.
അഹമ്മദാബാദ്: ഐപിഎല്‍ 2025 ഫൈനലിന് മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആശ്വാസ വാര്‍ത്ത. ഒന്നാം ക്വാളിഫയറിനുശേഷം ഇംഗ്ലണ്ടിലേക്ക് പോയ വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാൾട്ട് തിരിച്ചെത്തി ടീമിനൊപ്പം ചേര്‍ന്നു. ഫില്‍ സാള്‍ട്ട് തിരിച്ചെത്തുമോ എന്ന ആശങ്കയിലായിരുന്നു ആര്‍സിബി ആരാധകര്‍. ഇന്നലെ വൈകിട്ട് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍സിബി പരിശീലനത്തിനിറങ്ങിയപ്പോള്‍ സാള്‍ട്ടിന്‍റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഫില്‍ സാള്‍ട്ട് നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
റണ്‍വേട്ടയില്‍ ആര്‍സിബിയുടെ രണ്ടാമൻ
ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററാണ് സാള്‍ട്ട്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കിയ ഫില്‍ സാള്‍ട്ട് 12 മത്സരങ്ങളില്‍ സാള്‍ട്ട് 175.90 സ്ട്രൈക്ക് റേറ്റിലും 35.18 പ്രഹരശേഷിയിലും 387 റണ്‍സാണ് അടിച്ചെടുത്തത്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെതിരെ തന്നെ സാള്‍ട്ട് 27 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താവാതെ 56 റണ്‍സെടുത്തിരുന്നു. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആയിരുന്നു സാൾട്ടിന്‍റെ മികച്ച പ്രകടനങ്ങളിലൊന്ന് കണ്ടത്. 174 റണ്‍സ് ചേസ് ചെയ്ത ആര്‍സിബിക്കായി സാള്‍ട്ടും കോലിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ സാള്‍ട്ട് 33 പന്തില്‍ 65 റണ്‍സെടുത്തു.
കലാശപ്പോര് വൈകിട്ട് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- പഞ്ചാബ് കിംഗ്സ് കിരീടപ്പോരാട്ടം ആരംഭിക്കുക. ടീമിന്‍റെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു കൂട്ടരും മൈതാനത്തെത്തുന്നത്. ബെംഗളൂരുവിന് രജത് പാടിദാറും പഞ്ചാബിന് ശ്രേയസ് അയ്യരുമാണ് ക്യാപ്റ്റന്‍മാര്‍. ഐപിഎല്ലിൽ കപ്പ് സ്വന്തമാക്കുന്ന എട്ടാമത്തെടീമാവാൻ പാടിദാറിന്‍റെയും ശ്രേയസിന്‍റെയും പോരാളികൾ ഒരുങ്ങിക്കഴിഞ്ഞു. സീസണിൽ ആർസിബിയും പഞ്ചാബും നേർക്കുനേർ വരുന്നത് ഇത് നാലാം തവണ. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആർസിബിക്കൊപ്പം നിന്നു. അഹമ്മദാബാദില്‍ ഫൈനലിന് മഴ ഭീഷണിയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.


