ഹാര്‍ദ്ദിക്കിന്‍റെ ആദ്യ പന്ത് വൈഡായിരുന്നു. എന്നാല്‍ നിയപരമായി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പക്ഷെ ഹാര്‍ദ്ദിക് പാക് ഓപ്പണറായ സയ്യീം അയൂബിനെ മടക്കി.
ദുബായ്:ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ടി20 മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടമാണ് പാകിസ്ഥാനെതിരെ ഹാര്‍ദ്ദിക് സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാനെ ഞെട്ടിച്ചാണ് ഹാര്‍ദ്ദിക് തുടങ്ങിയത്.
ഹാര്‍ദ്ദിക്കിന്‍റെ ആദ്യ പന്ത് വൈഡായിരുന്നു. എന്നാല്‍ നിയപരമായി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പക്ഷെ ഹാര്‍ദ്ദിക് പാക് ഓപ്പണറായ സയ്യീം അയൂബിനെ മടക്കി. മത്സരത്തിന് മുമ്പ് വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ അയൂബിനോട് മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിയെക്കുറിച്ച് ചോദിച്ചിരുന്നു. അത് തനിക്ക് ഓർമിയില്ലെന്നായിരുന്നു ഇതിന് അയൂബ് മറുപടി നല്‍കിയത്. എന്നാല്‍ ഇന്ത്യക്കെതിരെ തന്‍റെ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായതോടെ ഈ മത്സരം അയൂബ് എന്തായാലും ഓര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരെയാണ് അര്‍ഷ്ദീപ് സിംഗ് ടി20 ക്രിക്കറ്റില്‍ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്ന ഇന്ത്യൻ ബൗളറായത്. അമേരിക്കയുടെ ഷായാന്‍ ജഹാംഗീറിനെ പുറത്താക്കിയായിരുന്നു അര്‍ഷ്ദീപ് ഈ നേട്ടം സ്വന്തമാക്കിയത്. ദുബായിയില്‍ സയ്യീം അയൂബിനെ മടക്കി ഹാര്‍ദ്ദിക് നേട്ടം ആവര്‍ത്തിച്ചു. സയ്യീം അയൂബിനെ മടക്കിയതോടെ പാകിസ്ഥാനെതിരെ ടി20 ക്രിക്കറ്റില്‍ ഹാര്‍ദ്ദിക്കിന്‍റെ വിക്കറ്റ് നേട്ടം 14 ആയി.ആദ്യ ഓവറില്‍ അയൂബിന്‍റെ വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെടുത്ത പാകിസ്ഥാന് ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറിലും തിരിച്ചടിയേറ്റിരുന്നു. തന്‍റെ രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് ഹാരിസിനെ ഹാര്‍ദ്ദിക്കിന്‍റെ കൈകളിലെത്തിച്ചാണ് ബുമ്ര പാകിസ്ഥാന് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചത്.
നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യയും പാകിസ്ഥാനും അഭിമാനപോരാട്ടത്തിന് ഇറങ്ങിയത്.


